കേരളം
ആഡംബര കാറിൽ പോലീസിനെ വെട്ടിച്ച് കഞ്ചാവ് കടത്തൽ; കൈയ്യോടെ പൊക്കി പോലീസ്
ആലപ്പുഴയില്‍ ഗുണ്ടാ നേതാവിന്‍റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി. കെപി റോഡിൽ പരിശോധന നടത്തുകയായിരുന്ന വള്ളികുന്നം എസ് ഐ ഷെഫീഖിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിസാഹസികമായാണ് ആഡംബര കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടിയത്.
കായംകുളം ഭാഗത്തു നിന്നും കറ്റാനം ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ കാറിന് പൊലീസ് കൈകാട്ടിയെങ്കിലും നിർത്താതെ പോയി. ഇതോടെ പൊലീസ് സംഘം അതിസാഹസികമായി കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാർ മൂന്നാം കുറ്റിയിലുള്ള പെട്രോൾ പമ്പിലേക്ക് കയറ്റിയതിനു ശേഷം ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും 4 ചാക്കുകളിലായി 50 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
കുപ്രസിദ്ധ ക്രിമിനൽ ബുനാഷ് ഖാന്‍റെ ഉടമസ്ഥയിലുള്ള വെളുത്ത നിറമുള്ള വോക്സ് വാഗൺ പോളോകാറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. സി ഐ മിഥുന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാറിന്‍റെ വശങ്ങളിൽ ഉരസിയ പാടുണ്ട്. കർശന പരിശോധന മേഖലയിൽ നടത്തുമെന്ന് വള്ളികുന്നം സിഐ മിഥുൻ, എസ് ഐ ഷെഫീഖ് എന്നിവർ പറഞ്ഞു.