കേരളം
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത…; നാളെ സര്‍വകക്ഷിയോഗം
കേരളത്തില്‍ കൊവിഡിന്റെ രണ്ടാംവരവിന്റെ ഭീതിയില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധനടപടികളും നാളെ നടക്കുന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യും.
ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമാണ് ഇപ്പോൾ ഉയരു്നത്. അതു നടപ്പാക്കിയാല്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പൊലീസ് ഇടപെടലുകളിലും വ്യാപാരികള്‍ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.
ലോക്ഡൗണ്‍ ഇല്ലാതെതന്നെ നിയന്ത്രണങ്ങള്‍ വേണമെന്നതില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളില്‍ സര്‍ക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷനേതാവും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വാക്സിൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യമായ വാക്സിൻ കേന്ദ്രത്തിൽ നിന്നും എത്താത്തതിനാലാണ് വിതരണം മുടങ്ങുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം അതിരൂക്ഷമാണ്. മൂന്ന് ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മിക്ക ആശുപത്രികളിലും വാക്സിനേഷൻ നിർത്തി വെച്ചിരിക്കുകയാണ്.
രണ്ടാം ഡോസ് എടുക്കുന്ന ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഇപ്പോൾ കുത്തിവെപ്പ് നടത്തുന്നത്. 50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തിന് വേണമെന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിന്റെ വിലയും വളരെ കൂടുതലാണ്.