കേരളം
സിദ്ധാര്‍ത്ഥന്റെ മരണം: 18 പ്രതികളും പിടിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു
പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പതിനെട്ട് പ്രതികളും പിടിയിലായതോടെ, നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. പ്രതികളെ ക്യാമ്പസിൽ എത്തിച്ചുള്ള തെളിവെടുപ്പ് വൈകാതെ പൂർത്തിയാക്കും. സിദ്ധാർത്ഥനെ നാലിടത്ത് വച്ച് പ്രതികൾ മർദിച്ചു എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒറ്റയ്ക്ക് ഇരുത്തിയും ഒരുമിച്ച് ഇരുത്തിയുമാണ് ചോദ്യം ചെയ്യൽ.
മർദനം, തടഞ്ഞുവയ്ക്കൽ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ. ക്രിമിനൽ ഗൂഢാലോചനാ കുറ്റം കൂടി ചുമത്താൻ സാധ്യതയുണ്ട്. ഇതിന് പര്യാപ്തമായ തെളിവുകൾ പൊലീസിന് കിട്ടിയെന്നാണ് റിപ്പോർട്ടുകൾ. സിദ്ധാർത്ഥന്റെ വീട്ടിൽ സുരേഷ് ഗോപി ഇന്ന് സന്ദർശനം നടത്തും. രാവിലെ 6.30 ഓടെയാണ് നെടുമങ്ങാട്ടെ വീട്ടിലെത്തുക. സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശുമായും കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിക്കും.
കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീട്ടിലെത്തിയിരുന്നു. കോൺഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സുരേഷ് ഗോപിയും വീട്ടിലെത്തി മാതാപിതാക്കളെ കാണാൻ തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്‌ജിയുടെ സേവനം ഗവര്‍ണര്‍ തേടിയ പശ്ചാത്തലത്തിൽ കൂടിയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കുന്നത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!