കേരളം
ഇരുപത്തിരണ്ടാം വയസ്സിൽ കൊമേഴ്സ്യൽ പൈലറ്റ്; കേരളത്തിന് അഭിമാനമായി സിദ്ധാർത്ഥ് സുരേഷ്
കേരളത്തിൽ നിന്ന് ഇരുപത്തിരണ്ടാം വയസ്സിൽ കൊമേഴ്സ്യൽ പൈലറ്റായി മുതുകുളം കനകക്കുന്നിൽ സ്വസ്തിയിൽ സിദ്ധാർത്ഥ് സുരേഷ്. ചെറുപ്രായത്തിൽ തന്നെ മനസ്സിൽ കൊണ്ടുനടന്ന മോഹം കഠിന പ്രയത്നത്തിനൊടുവിൽ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് സിദ്ധാർത്ഥ്. ഇന്ത്യയിലെ പ്രമുഖ എയർലൈനിൽ പറക്കുവാൻ തയ്യാറെടുക്കുകയാണ് മുതുകുളത്തിന് അഭിമാനമായി മാറിയ ഈ ചെറുപ്പക്കാരൻ.
ചിത്രകാരനും ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തിലെ ചീഫ് ആർട്ടിസ്റ്റുമായ സുരേഷ് മുതുകുളമാണ് സിദ്ധാർത്ഥിന്റെ അച്ഛൻ. കേരളത്തിനു പുറത്തുള്ള സുരേഷിന്റെ യാത്രകളിലെല്ലാം സിദ്ധാർത്ഥിനെയും കൂട്ടുമായിരുന്നു. അച്ഛനൊപ്പം വിമാനത്തിൽ കയറുമ്പോൾ നേരെ കോക്പിറ്റിലേക്ക് പോകാനാണ് സിദ്ധാർത്ഥ് ശ്രമിച്ചിരുന്നത്. കളിപ്പാട്ടങ്ങളിൽ കൂടുതലും ഹെലികോപ്റ്ററുകളും ഫൈറ്റർ വിമാനങ്ങളും വൈമാനിക അറിവുകൾ നൽകുന്ന പുസ്തകങ്ങളും സിദ്ധാർത്ഥിന്റെ കുട്ടിക്കാലത്തെ ശേഖരത്തിലുണ്ട്.
ചെങ്ങന്നൂരിലും തിരുവല്ലയിലുമായിരുന്നു സ്കൂൾ പഠനം. പ്ലസ്ടുവിൽ കംപ്യൂട്ടർ സയൻസ്. 2018 ൽ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരാൻ അക്കാദമിയിലും അമേരിക്കയിലെ സി എ ഇ ഓക്സ്ഫഡ് ഏവിയേഷനിലും പ്രവേശനപ്പരീക്ഷയെഴുതി. എഴുത്തുപരീക്ഷയും മറ്റും പൂർത്തിയാക്കി പ്രവേശനം നേടി. ഉപരിപഠനത്തിന് ശേഷമാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും ഇതിലേക്കു വരിക. എന്നാൽ പ്ലസ്ടു കഴിഞ്ഞ് നേരിട്ടെത്തിയ ആ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സിദ്ധാർത്ഥായിരുന്നു. അമേരിക്കയിലെ പരിശീലനപ്പറക്കലിന്റെ അവസാന ഘട്ടത്തിലൊന്നായ സോളോ ഫ്ലയിങ്ങിൽ അരിസോണ – മെക്സിക്കൻ ആകാശത്തിലൂടെ പറന്നു.
ഇരുപതാം വയസ്സിൽ ഇന്ത്യയിലും അമേരിക്കയിലും പറക്കാനുള്ള കൊമേർഷ്യൽ ലൈസൻസ് നേടിയ സിദ്ധാർത്ഥ് തുടർന്നുള്ള സിമുലേറ്റർ ട്രെയിനിങ്ങും വിജയകരമായി പൂർത്തിയാക്കി. ജനുവരിയിൽ ഇൻഡിഗോ എയർലൈനിൽ ജൂനിയർ ഫ്ലയിങ് ഓഫീസറായി നിയമിതനായി. ഇതിന്റെ പരിശീലനക്കാലയളവും പൂർത്തിയാക്കി. ഇന്ത്യയിൽ ജോലി ചെയ്യാനാണ് സിദ്ധാർത്ഥിന് ആഗ്രഹം. അമ്മ: സോനം. കൃഷ്ണവേണിയാണു സഹോദരി.