കേരളം
ശ്രീപത്മനാഭ ക്ഷേത്രത്തിലെ ശൂല പ്രതിഷ്ഠ നാളെ; ദർശന സമയത്തിൽ മാറ്റം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രദർശന സമയത്തിൽ മാറ്റം. ഇന്നും നാളെയുമാണ് ക്രമീകരണം. ക്ഷേത്രത്തിലെ ശൂലപ്രതിഷ്ഠയോടനുബന്ധിച്ചാണ് ദർശന സമയം ക്രമീകരിച്ചിരിക്കുന്നത്. വിശ്വക്സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുള്ള ശൂല പ്രതിഷ്ഠ നാളെ രാവിലെ 10.40-ന് നടത്തും. തുടർന്ന് കടുശർക്കര യോഗത്തിൽ വിശ്വക് സേന ബിംബത്തിന്റെ നിർമ്മാണം ആരംഭിക്കും.
ക്ഷേത്രത്തിൽ പൂജാദികാര്യങ്ങൾക്കായി ചെലവാകുന്ന കണക്ക് വിശ്വക് സേന വിഗ്രഹത്തിന് മുൻപിലാണ് ആദ്യം സമർപ്പിക്കുന്നത്. പത്മനാഭ സ്വാമിയുടെ സ്വത്തിന്റെ കാവൽക്കാരനാണ് വിശ്വക് സേനൻ എന്നാണ് വിശ്വാസം. കടുശർക്കര യോഗത്തിൽ നിർമ്മിച്ച വിഗ്രഹത്തിൽ കേടുപാടുകൾ കണ്ടെത്തിയതോടെയാണ് വിഗ്രഹ പുനഃനിർമ്മാണം ആരംഭിച്ചത്.
ബിംബ ദേഹം, അസ്ഥികൾ, നാഡികൾ തുടങ്ങിയവ സപ്ത ധാതുക്കളലാണ് നിർമ്മിക്കുന്നത്. അസ്ഥികൾ ചേർന്ന ശൂലഘടന കരിങ്ങാലി മരം കൊണ്ട് നിർമ്മിക്കും. കയർ കൊണ്ട് നാഡികളും ലോഹം കൊണ്ട് കൈപ്പത്തി, വിരലുകൾ എന്നിവയും നിർമ്മിക്കും. ഇവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന ചടങ്ങാണ് ശൂലപ്രതിഷ്ഠ. ശിൽപിമാർ ശൂലം തന്ത്രിയ്ക്ക് കൈമാറുന്ന ചടങ്ങായ ബിംബ പരിഗ്രഹം ഇന്ന് വൈകുന്നേരം 4.30-ന് നടക്കും.
ഇന്ന് വൈകുന്നേരം ആറിന് ശേഷം ഭക്തർക്ക് ദർശനം അനുവദിക്കില്ല. നാളെ നിർമാല്യ ദർശനത്തിൽ മാറ്റമുണ്ടാവില്ല. രാവിലെ പത്തിന് ശേഷം ദർശനം അനുവദിക്കില്ല. വൈകുന്നേരം പതിവ് ദർശനമുണ്ടാകും.