കേരളം
വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസറുദ്ദീൻ അന്തരിച്ചു; ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് കബർസ്ഥാനിൽ. ടി. നസിറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകൾ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു നസറുദ്ദീൻ. 1991 മുതല്‍ മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആന്റ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1944-ല്‍ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടി.കെ. മഹമ്മൂദിന്റെയും അസ്മാബിയുടെയും മകനായാണ് ജനനം. ഹൈസ്ക്കുള് പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്സിന്റെ ഉടമയാണ്.
അതേസമയം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നസറുദ്ദീനോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടും. സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര അറിയിച്ചു. പിതൃതുല്യനായി കണ്ടിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത നഷ്ടവും ആഘാതവും സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പടപൊരുതുകയും നിര്‍ഭയരായി വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നേടിയെടുക്കുകയും ചെയ്ത നേതാവാണ് നസ്റുദ്ദീനെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ വ്യാപാരികളുടെ ഹൃദയങ്ങളില്‍ സ്വാധീനം നേടിയ നേതാവിന്റെ വേര്‍പാട് വ്യാപാരി സമൂഹത്തിന് താങ്ങാനാവാത്ത അനാഥത്വം നല്‍കുന്നതുമാണെന്ന് രാജു അപ്സര അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഇന്നലെ രാത്രിയോടെയാണ് ടി നസറുദ്ദീൻ വിടപറയുന്നത്. 78 വയസായിരുന്നു. നടക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദിലാണ് ഖബറടക്കം നടക്കുക. മൂന്നു പതിറ്റാണ്ടായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായിരുന്നു അദ്ദേഹം.