Connect with us

Kerala

ഷിബു ബേബിജോണ്‍ ആർ എസ് പി സംസ്ഥാന സെക്രട്ടറി

Published

on

ആർ എസ് പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബിജോണിനെ തെരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന സെക്രട്ടറി എ എ അസീസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഷിബു ബേബിജോണ്‍ സെക്രട്ടറിയായത്. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

മുന്‍മന്ത്രിയായ ഷിബു ബേബിജോണ്‍ നിലവില്‍ ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നേതൃമാറ്റം. ജില്ലാ, സംസ്ഥാന സമ്മേളനങ്ങളില്‍ നേതൃമാറ്റത്തിന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും സ്ഥാനത്ത് തുടരണമെന്ന അസീസിന്റെ താത്പര്യത്തിന് പാര്‍ട്ടി വഴങ്ങുകയായിരുന്നു.

പിന്നീട് പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം സെക്രട്ടറി പദം ഒഴിയുമെന്ന് അസീസ് വ്യക്തമാക്കിയിരുന്നു. 2014ല്‍ പാര്‍ട്ടി ഇടതുമുന്നണി വിടുന്നത് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് അസീസ്. മൂന്നുതവണ എംഎല്‍എ ആയിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ടുതവണയായി സംസ്ഥാന സെക്രട്ടറിയാണ്.

ആർ എസ് പിയുടെ സമുന്നതനേതാവായ ബേബി ജോണിന്റെ മകനാണ് ഷിബു ബേബിജോണ്‍. ചവറയില്‍ നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയാണ്.

Advertisement
Continue Reading