കേരളം
നാല് ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം; ലൈഫ് പദ്ധതി: അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 4,62,611 കുടുംബങ്ങളാണ് വീടിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 3,11,133പേര്‍ ഭൂമിയുള്ള ഭവന രഹിതരും 1,51,478പേര്‍ ഭൂമിയില്ലാത്ത ഭവന രഹിതരുമാണ്. ഗുണഭോക്തൃ പട്ടികയില്‍ 94,937പേര്‍ പട്ടികജാതി വിഭാഗക്കാരും 14,606 പേര്‍ പട്ടിക വര്‍ഗ വിഭാഗക്കാരുമാണ്.
വിവിധ പരിശോധനകള്‍ക്കും രണ്ട് ഘട്ടം അപ്പീലിനും ശേഷമുള്ള പട്ടിക, ഗ്രാമ/വാര്‍ഡ് സഭകള്‍ ചര്‍ച്ച് ചെയ്ത് പുതുക്കി, തദ്ദേശ സ്വയം ഭരണ സ്ഥാപന ഭരണസമിതികളുടെ അംഗീകാരം നേടിയാണ് പ്രസിദ്ധീകരിച്ചത്. ഈ പ്രക്രീയ പൂര്‍ത്തിയാക്കിയ 863 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്തൃ പട്ടികയാണ് പുറത്തിറങ്ങിയത്.
മഴക്കെടുതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഗ്രാമ/വാര്‍ഡ് സഭകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നടപടി പൂര്‍ത്തായാക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 151 പഞ്ചായത്തുകളും, 19 മുന്‍സിപ്പാലിറ്റികളും, ഒരു കോര്‍പറേഷനും ഉള്‍പ്പെടുന്നു. ഇവ കൂടി പൂര്‍ത്തിയാകുമ്പോള്‍ ഗുണഭോക്തൃ പട്ടിക പൂര്‍ണതോതില്‍ ലഭ്യമാകും. ബാക്കിയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പട്ടിക സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മഴക്കെടുതി ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്കിടയിലും പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
കൊല്ലം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. www.life2020.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ക്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് ഉറപ്പാക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അന്തിമ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ബാക്കിയുള്ള സ്ഥലങ്ങളില്‍ ഗ്രാമസഭകളും വാര്‍ഡ് സഭകളും ഉടന്‍ വിളിച്ച്, തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടല്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.