കേരളം
കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍, മലബാര്‍ പര്യടനം ഇന്നുമുതല്‍
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ, ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് ഇന്ന് തുടക്കം. അടുത്ത മൂന്നു ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
രാവിലെ 9.30ന് എം ടി വാസുദേവന്‍ നായരെ തരൂര്‍ വീട്ടില്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് ഭരണഘടനയിലെ മതേതരത്വം എന്ന വിഷയത്തില്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പ്രസംഗിക്കും. ഇതിനുശേഷം മുന്‍ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണനെയും എം വി ശ്രേയാംസ് കുമാറിനെയും സന്ദര്‍ശിക്കും.
വൈകീട്ട് നാലുമണിക്ക് നെഹ്റു ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സെമിനാറില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കും. യൂത്ത് കോണ്‍ഗ്രസ് ആണ് ഈ പരിപാടി സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറുകയും നെഹ്റു ഫൗണ്ടേഷന് ഏറ്റെടുക്കുകയും ആയിരുന്നു.
വരുന്ന മൂന്ന് ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 22 ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെയും തരൂര്‍ കാണുന്നുണ്ട്. പ്രൊഫഷണലുകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുമായി സംവാദത്തിനും തരൂര്‍ ഊന്നല്‍ നല്‍കുന്നുണ്ട്.