കേരളം
ഷാരോണിന്റെ മരണം: ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാഫലം
പാറശാലയില്‍ കൂട്ടുകാരി നല്കിയ പാനീയം കഴിച്ച് യുവാവ് മരിച്ചെന്ന കേസില്‍ ആശയക്കുഴപ്പം വര്‍ധിപ്പിച്ച് മരിച്ച ഷാരോണിന്റെ രക്തപരിശോധനാഫലം. ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസിലീറ്ററില്‍ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതിന്റെ സൂചനയാണിതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മൊത്തം ബിലിറൂബിന്‍ ടെസ്റ്റില്‍ ഡെസിലീറ്ററില്‍ 1.2 മില്ലിഗ്രാം വരെ നോര്‍മല്‍ അളവായാണ് ആയാണ് കണക്കാക്കുന്നത്. എന്നാല്‍ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിന്‍ കൗണ്ട് ഡെസിലീറ്ററില്‍ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്സി റേഡിയോളജി വിദ്യാർഥി ജെ.പി.ഷാരോൺരാജാണ് ചൊവ്വാഴ്ച വൈകിട്ട് മരിച്ചത്. 14ന് രാവിലെ ഷാരോൺരാജും സുഹൃത്ത് റെജിനും രാമവർമൻചിറയിലുള്ള സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്.