കേരളം
ഷാരോൺ കേസ്; പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സംശയം
പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യവും ഛർദിലും. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ഗ്രീഷ്മ ഛർദ്ദിച്ചത്. ടോയ്ലറ്റ് ക്ലീനർ കുടിച്ചു എന്ന് സംശയം. മെഡിക്കൽ കൊളേജ് ആശുപതിയിലേക്ക് മാറ്റിയ ഗ്രീഷ്മ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് ആത്മഹത്യാ ശ്രമം എന്ന് കരുതുന്നു. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി മോശമായാൽ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലാകും.
അതേസമയം ഷാരോൺ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമാണെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു.
പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോൺ ഗ്രീഷ്മയ്ക്ക് നൽകിയില്ല, ഡിലീറ്റ് ചെയ്തതുമില്ല. ഷാരോൺ ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഗ്രീഷ്മ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയിരുന്നില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഉച്ചയോടെ കോടതിയിൽ ഹാജരാക്കാൻ ആയിരുന്നു പോലീസിന്റെ നീക്കം. ആശുപത്രിയിൽ ആയതിനാൽ ഈ കാര്യത്തിലും അനിശ്ചിതത്വം തുടരും.