കേരളം
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് അഞ്ച് മണിക്കൂര്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കും
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ അഞ്ച് മണിക്കൂര്‍ നിര്‍ത്തിവെയ്ക്കും. തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. വിവിധ വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം അതത് വിമാന കമ്പനികളില്‍ നിന്ന് ലഭ്യമാകും.
1932 -ൽ വിമാനത്താവളം സ്ഥാപിതമായ കാലം മുതൽ പിന്തുടരുന്ന രീതിയാണിത്. എല്ലാ വർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ സമയത്ത് വിമാനത്താവളത്തില്‍, ഇത്തരത്തില്‍ വിമാന സർവീസുകൾ നിർത്തിവെയ്ക്കാറുണ്ട്. വർഷത്തിൽ രണ്ട് തവണയാണ് ഇത് നടക്കുന്നത്. മാർച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ, നവംബർ മാസങ്ങളിലുള്ള അല്പശി ഉത്സവത്തിനുമാണ് ഇത്തരത്തില്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിട്ട് ഉത്സവം നടക്കുന്നത്.
അതേസമയം ദീപാവലി, നവരാത്രി, ഛാത്ത് പൂജ തിരക്കുകൾ പരിഗണിച്ച് 283 ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഉത്സവ സീസണിൽ പ്രത്യേക ട്രെയിനുകൾ 4,480 സർവീസുകൾ നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈസ്റ്റേൺ സെൻട്രൽ റെയിൽവേ ഡിവിഷനിൽ 42 ട്രെയിനുകൾ സർവീസ് 512 ട്രിപ്പ് നടത്തും. പശ്ചിമ റെയിൽവേ ഉത്സവ സീസണിൽ 36 ട്രെയിനുകളിലായി 1,262 ട്രിപ്പുകൾ നടത്തും. നോർത്ത് വെസ്റ്റേൺ റെയിൽവേ 24 ട്രെയിനുകളാണ് സ്പെഷ്യൽ സർവീസ് നടത്തുക.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തടയാൻ റെയിൽവേ പ്രത്യേക സ്ക്വാഡ് തയ്യാറാക്കിയിട്ടുണ്ട്. വരുമാന ചോർച്ച തടയുകയും യാത്രക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കുകയുമാണ് ലക്ഷ്യം. യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഉറപ്പുവരുത്താൻ ടിക്കറ്റ് പരിശോധിക്കുന്നവർക്ക് നിർദേശം നൽകി.