കേരളം
ഇളയവന് എംഡിഎംഎ വിൽപ്പന, മൂത്തവന് കഞ്ചാവ് വിൽപ്പന; സഹോദരങ്ങളെ പൊക്കി പൊലീസ്
വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പന നടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതിനിടെ, ആലുവ സൗത്ത് വാഴക്കുളത്ത് 26 ഗ്രാം എം.ഡി.എം.എ യും രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. സൗത്ത് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലാം (23) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
കാസര്‍കോട് പുലിക്കുന്നില്‍ രാസ ലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. 12 ഗ്രാം എം ഡി എം എയുമായി ചേരങ്കൈ സ്വദേശി മുഹമ്മദ് സുഹൈല്‍ (30), പല്ലപ്പാടി സ്വദേശി ഉമറുല്‍ ഫാറൂഖ് (31), കല്ലക്കട്ട സ്വദേശി അബ്ദുല്‍ മുനവ്വര്‍ (26) എന്നിവരാണ് കാസര്‍കോട് പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെ മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനുള്ള പൊലീസ് പരിശോധനയ്ക്കിടെയാണ് കാറില്‍ എത്തിയ യുവാക്കള്‍ പിടിയിലായത്. ഇതില്‍ അബ്ദുല്‍ മുനവ്വര്‍ ലഹരി വില്‍പ്പനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തേയും കേസുണ്ട്.