കേരളം
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍; ദൃശ്യങ്ങള്‍ പുറത്ത്
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍. സെക്രട്ടേറിയറ്റ് കന്റീന്‍ ഭരണസമിതിയുടെ തിരഞ്ഞെടുപ്പിലാണ് നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റം ഉണ്ടായത്. സെക്രട്ടേറിയേറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ജീവനക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നതിന്റെയും തിരക്ക് കൂട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
കോവിഡ് ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിറ്റേന്നു തന്നെ അതെല്ലാം ഭരണസിരാകേന്ദ്രത്തില്‍ ലംഘിക്കപ്പെടുന്ന കാഴ്ചയുണ്ടാകുന്നത്.
സെക്രട്ടേറിയറ്റിലെ 5,500 വോട്ടര്‍മാര്‍ക്കായി ഡര്‍ബാര്‍ ഹാളിലും സൗത്ത് കോണ്‍ഫറന്‍സ് ഹാളിലുമാണ് ബൂത്തുകള്‍ ഒരുക്കിയത്. ധന, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സൗത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ബൂത്ത്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഡര്‍ബാര്‍ ഹാളിലും. രാവിലെ 10നു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു മണി വരെയാണ്. 24 സ്ഥാനാര്‍ഥികളാണു മത്സര രംഗത്ത്.