കേരളം
കടല്‍ക്ഷോഭം രൂക്ഷമാകുന്നു; വലിയതുറയിലെ കടല്‍പ്പാലം ചെരിഞ്ഞു
സംസ്ഥാനത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള വലിയതുറ കടല്‍പ്പാലം വന്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഒരു വശത്തേക്ക് ചെരിഞ്ഞു. പുലര്‍ച്ചെ 3.30 ഓടെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അവര്‍ തുറമുഖ അധികൃതരെ വിവരം അറിയിച്ചു. വിള്ളലുണ്ടായതിന് പിന്നാലെ പാലത്തിന്റെ പില്ലറുകള്‍ താഴ്ന്നുപോയ അവസ്ഥയിലാണ്. പാലത്തിന്റെ വശങ്ങളിലെ തൂണുകളും പൊട്ടിയിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മത്സ്യബന്ധനം നിരോധിച്ചതിനാല്‍ പാലം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.
പാലത്തിന്റെ തുടക്കഭാഗം കഴിഞ്ഞുള്ള ഭാഗം കടലിലേക്ക് താഴ്ന്നിട്ടുണ്ട്. പില്ലറുകള്‍ തകര്‍ന്നതിനാല്‍ പാലത്തിന്റെ ഘടന തന്നെ മാറിപ്പോയ നിലയിലാണ്. ആ ഭാഗത്തെ പില്ലറുകളാണ് ശക്തമായ തിരയടിയേറ്റ് കടലിലേക്ക് താഴ്ന്നത്. പാലത്തിലേക്ക് ജനങ്ങള്‍ കടക്കുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്.
തലസ്ഥാനത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ വലിയതുറ കടല്‍പ്പാലത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ട്. കേരളത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍, കൊച്ചി പ്രസിദ്ധമായതോടുകൂടി വലിയതുറയുടെ പ്രാധാന്യം കുറഞ്ഞു. ഇന്ന് വലിയതുറ ഒരു ഫിഷിംഗ് വല്ലേജാണ്. കടലില്‍ കപ്പലുകള്‍ക്ക് നങ്കൂരമിട്ട് ചെറുബോട്ടുകള്‍ വഴി സാധനങ്ങള്‍ കരയ്‌ക്കെത്തിക്കുന്നതിനായിട്ടാണ് വലിയതുറ കടല്‍പ്പാലം നിര്‍മിച്ചത്.