കേരളം
ശ്രീ ചിത്ര ഡയറക്ടർ പ്രൊഫസർ കെ ജയകുമാർ വിരമിച്ചു
കാർഡിയാക് – തോറാസിക് സർജറി വിഭാഗത്തിലെ സീനിയർ പ്രൊഫസറും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടറുമായ പ്രൊഫസർ കെ ജയകുമാർ രണ്ടു പതിറ്റാണ്ട് കാലം ശ്രീ ചിത്രയിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ചു.
1981 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോത്തോറാസിക് സർജറി ലക്ചറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, തുടർന്ന് 1995 ൽ. സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലെ റോയൽ അഡ്ലെയ്ഡ് ഹോസ്പിറ്റലിൽ കാർഡിയോ – തോറാസിക് സർജറിയിൽ സീനിയർ രജിസ്ട്രാറായി ജോലി നോക്കി.
വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോത്തോറാസിക് സർജറി വിഭാഗത്തിൽ പ്രൊഫസറായി പ്രവേശിക്കുകയും, കൊറോണറി ആർട്ടറി ബൈപാസ് സർജറിയുടെ സ്ഥിരവിഭാഗം ആരംഭിക്കുകയും ചെയ്തു. കൂടാതെ കാലിക്കട്ട് മെഡിക്കൽ കോളേജിലും പ്രവർത്തിച്ചു.
പിന്നീട് 2001ൽ ശ്രീ ചിത്ര തിരുനാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ കാർഡിയോവാസ്കുലർ & തോറാസിക് സർജറി വിഭാഗത്തിൽ പ്രൊഫസറായി നിയമിക്കപ്പെട്ട അദ്ദേഹം, 2021 വരെയുള്ള സേവനകാലത്ത് പതിനായിരത്തിലധികം പ്രധാന ഹൃദയ ശസ്ത്രക്രിയകൾ നടത്തി. അദ്ദേഹത്തിന് കീഴിൽ നൂറിലധികം റെസിഡന്റ്‌സ് പരിശീലനം നേടി. വിവിധ അന്താരാഷ്ട്ര, ദേശീയ ശാസ്ത്ര ജേണലുകളിലായി 200 ഓളം പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിനുണ്ട്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയോവാസ്കുലർ ആൻഡ് തോറാസിക് സർജൻസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2006 ൽ, ശ്രീ ചിത്രയിലെ ഗവേണിംഗ് ബോഡി അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു, 2014 മുതൽ SCT-TIMED സ്ഥാപക ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
മുതിർന്നവർക്കുള്ള കാർഡിയാക് സർജറി, അയോർട്ടിക് സർജറി, പൾമണറി ത്രോംബോണ്ടാർടെറെക്ടമി, സർജിക്കൽ വെൻട്രിക്കുലാർ റീസ്റ്റോറേഷൻ പ്രക്രിയകൾ എന്നീ സർജറികളിൽ പ്രാവീണ്യം നേടിയ കെ ജയകുമാർ നാലു പതിറ്റാണ്ടു കാലം ഈ രംഗത്ത് പ്രവർത്തിച്ച അപൂർവം പ്രതിഭകളിൽ ഒരാളാണ്.