കേരളം
പട്ടികജാതി പട്ടികവർഗ പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസി തട്ടിയെടുപ്പ്; കർശന നടപടി
പിന്നോക്ക വിഭാഗക്കാരുടെ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും തട്ടിയെടുത്ത സംഭവത്തിൽ കർശന നടപടിയുമായി പട്ടിക ജാതി പട്ടിക വർഗ കമ്മിഷൻ. പമ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തയെ തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ.
പമ്പുകളും ഗ്യാസ് ഏജൻസികളും കമ്മിഷൻ തിരിച്ച് പിടിച്ച് നൽകും. ജില്ലാ കളക്ടർമാരോട് റിപ്പോർട്ട് തേടുമെന്നും പമ്പുകൾ തട്ടിയെടുക്കുന്ന നടപടി പട്ടിക ജാതിക്കാരോടുള്ള അതിക്രമമാണെന്നും കമ്മിഷൻ ചെയർമാൻ ബി എസ് മാവോജി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കുന്ന നടപടികളുമായി കമ്മിഷൻ മുന്നോട്ട് പോകും. പമ്പുകളും ഗ്യാസ് ഏജൻസികളും തിരിച്ച് പിടിച്ച് അർഹതപ്പെട്ടവർക്ക് എത്തിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.
വിഷയത്തിൽ ബിനാമികളെ ഒഴിവാക്കാൻ നടപടിയുണ്ടാകുമെന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണത്തിലൂടെ അനുവദിച്ച പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളുമാണ് മറ്റു സമുദായക്കാർ തട്ടിയെടുത്തത്.
സംസ്ഥാനത്തെ നൂറോളം പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളുമാണ് യഥാർത്ഥ ഉടമകൾക്ക് നഷ്ടപ്പെട്ടത്. ഇവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പമ്പുകളും ഗ്യാസ് ഏജൻസികളും അനുവദിച്ചത്. പൊതുവായി പമ്പുകൾ അനുവദിക്കുമ്പോൾ അതിൽ നിശ്ചയിച്ചിട്ടുള്ള സംവരണത്തിലൂടെയാണ് ഇവർക്ക് ഡീലർഷിപ്പ് നൽകുക.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് സ്ഥലം മാത്രം കണ്ടെത്തി നൽകിയാൽ മതി. പിന്നീട് അഞ്ചു പൈസ പോലും ചെലവില്ല. പമ്പിനുള്ള മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് ഓയിൽ കമ്പനികളാണ്. സാമ്പത്തികമായി പിന്നോക്കമായതിനാൽ പമ്പ് നടത്തിക്കൊണ്ടു പോകാനുള്ള ധനം ശേഖരിക്കാൻ പമ്പിന്റെ 25 ശതമാനം ഓഹരി പുറത്തുനൽകാമെന്ന് കേന്ദ്രം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്.
പ്രമുഖ മലയാള മാധ്യമമായ ട്വിന്റിഫോർ ന്യൂസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പുകൾ കണ്ടെത്തിയതും റിപ്പോർട്ട് പുറത്തുവന്നതും.