കേരളം
ശാസ്ത്രം ജയിച്ചു, ഇന്ത്യ ചന്ദ്രനിൽ, അന്ധവിശ്വാസങ്ങൾ തോറ്റു കെ ടി ജലീൽ
ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കെ ടി ജലീല്‍ എംഎല്‍എ. ശാസ്ത്രജ്ഞൻമാർക്ക് അഭിനന്ദനങ്ങളെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശാസ്ത്രം ജയിച്ചു, ഇന്ത്യ ചന്ദ്രനിൽ, അന്ധവിശ്വാസങ്ങൾ തോറ്റു എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചാന്ദ്ര ശോഭയില്‍ ഇന്ത്യ മിന്നിത്തിളങ്ങുമ്പോള്‍ രാജ്യമാകെ ആഘോഷത്തിമിര്‍പ്പിലാണ്.
ചന്ദ്രയാൻ മൂന്നിന്‍റെ സോഫ്റ്റ് ലാൻഡിംഗ് കാണുന്നതിനുള്ള സൗകര്യം കേരളത്തിൽ ഉള്‍പ്പെടെ രാജ്യമാകെ ഒരുക്കിയിരുന്നു. സോഫ്റ്റ് ലാൻഡിംഗ് അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ നെഞ്ചിടിപ്പിന്‍റെ നിമിഷങ്ങളായിരുന്നു എല്ലാവര്‍ക്കും. ഓരോ പ്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാവരും ആഘോഷത്തോടെ കയ്യടികള്‍ മുഴക്കി. ഒടുവില്‍ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ പൂര്‍ത്തിയായതോടെ ആഘോഷം അതിന്‍റെ പാരമ്യത്തിലെത്തി.
ത്രിവര്‍ണ പതാക വീശിയും ആഹ്ളാദാരവങ്ങള്‍ മുഴക്കിയുമാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന്‍റെ വിജയം രാജ്യം ആഘോഷമാക്കിയത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്.