കേരളം
നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് സ്കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്
നിപ ഭീതി ഒഴിയുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ക്ലാസുകൾ.
അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരും. ഇന്നലെ ജില്ലയിൽ പരിശോധിച്ച സാമ്പിളുകളും നെഗറ്റീവാണ്. ഹൈ റിസ്ക് കാറ്റഗറിയിൽ ആരും ഇല്ലെന്നും നിലവിൽ 915 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും കലക്ടർ വ്യക്തമാക്കി.
പൊതു ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം തുടരും. വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരണം. എന്നാൽ ആൾക്കൂട്ട നിയന്ത്രണത്തിൽ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഇക്കാര്യത്തിൽ നിലവിലെ സ്ഥിതി തുടരണമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷമേ ആൾക്കൂട്ട നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ. അവസാനം ലഭിച്ച അഞ്ച് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കുട്ടിക്ക് ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.