കേരളം
നവംബർ ഒന്നിന് സ്കൂൾ തുറക്കും: വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്തയോഗത്തിലെ 9 തീരുമാനങ്ങള്‍
സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനു നിരവധി കടമ്പകള്‍ മുന്നില്‍ ഉള്ളപ്പോഴാണ് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്നത്. കുട്ടികളുടെ യാത്രാസൗകര്യം, സ്‌കൂളുകളിലെ ക്രമീകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഉച്ചഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
1)സ്‌കൂള്‍ തുറക്കുന്നതിനു സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കും. ഇതിനായി ആരോഗ്യ-വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും പൊതുവിദ്യാഭ്യാസ ഡയറക്ടറെയും ചുമതലപ്പെടുത്തി.
2)മാര്‍ഗ്ഗനിര്‍ദ്ദേശം അന്തിമമാക്കുന്നതിനു മുന്‍പ് അധ്യാപകരും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തും. സ്‌കൂള്‍ തുറക്കലിനു മുന്‍പ് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും യോഗത്തില്‍ തീരുമാനമായി.
3)മുഴുവന്‍ അധ്യാപകരുടെയും അനധ്യാപകരുടെയും വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
4)ബയോ ബബിള്‍ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങളാകും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തുക
അതേസമയം ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന.
5)ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉള്‍കൊള്ളിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.എന്നാല്‍ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം ഉണ്ടാകും. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം 50 ശതമാനത്തിനു താഴെ ആക്കുന്നതും പരിഗണനയിലുണ്ട്.
6)പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇടയില്‍ സമ്പര്‍ക്ക സാധ്യത കൂടുതലായതിനാല്‍ ഇവിടങ്ങളിലും ഒരു ഷിഫ്റ്റിലെ കുട്ടികളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആകുമോ എന്നും പരിശോധിക്കും.
7)ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആണ് വിദ്യാഭ്യാസ വകുപ്പ് നേരിടുന്ന മറ്റൊരു വെല്ലുവിളി.അതിനാല്‍ സ്‌കൂളുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ക്ക് ഉടന്‍ അന്തിമ രൂപം നല്‍കും.
8)ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൂളുകളില്‍ പൊതു പരീക്ഷകളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രൈമറി ക്ലാസുകള്‍ മാത്രമുള്ള സ്‌കൂളുകള്‍ ഒന്നരവര്‍ഷമായി അടഞ്ഞു കിടക്കുകയാണ്. അതിനാല്‍ ഈ സ്‌കൂളുകള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള ശുചീകരണ യജ്ഞത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും.
9)സ്‌കൂള്‍തലത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കുന്നതിനൊപ്പം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്‌ക് ഉറപ്പാക്കുന്നതിനുള്ള നടപടികളും വൈകാതെ ഉണ്ടാകും.