കേരളം
‘ലഹരിയോട് നോ പറയാം’; തളിക്കുളത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
ലഹരിയിൽ നിന്നുള്ള സമ്പൂർണ മോചനം ലക്ഷ്യമാക്കി തളിക്കുളം ഗവ. ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ക്ലാസ് 81, തളിക്കുളം ഹൈസ്കൂളിൽ സംഘടിപ്പിച്ച 5 കെ റൺ പ്രോഗ്രാമിന്റെ ഫ്ലാഗ് ഹോസ്റ്റിങ് തൃശൂർ എംപിയും ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി എൻ പ്രതാപൻ നിർവ്വഹിച്ചു. 600 പേർ പങ്കെടുത്ത പരിപാടി സ്ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം കൊണ്ട് സമ്പന്നമായി.
ഒക്ടോബർ 1-ന് രാവിലെ 6 മണിക്ക് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ ”ലഹരിവിമുക്ത ഗ്രാമം, ആരോഗ്യമുള്ള ജനത” എന്ന ആശയ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നാട്ടിക എംഎൽഎ സി സി മുകുന്ദൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത, ജില്ലാ പഞ്ചായത്തംഗം അഹമ്മദ്, സർക്കിൾ ഇൻസ്പക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, തളിക്കുളം ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഫാത്തിമ, മറ്റു സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൽപ്പടെ പങ്കെടുത്തു. ലഹരി വിമുക്ത ക്യാംപയിനോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അഞ്ജന നന്ദൻ (നാട്ടിക ഈസ്റ്റ് എൽപി സ്കൂൾ ), അതുൽ ശേഖർ (നാഷണൽ സ്കൂൾ, ഏങ്ങണ്ടിയൂർ), വൈഗ ടിവി ( പള്ളിപ്രം വിവിയുപി സ്കൂൾ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വൈവിധ്യവും പുതുമയുള്ള പോസ്റ്റർ തയ്യാറാക്കി സന നവാസ്, ഫിദ ഫലക് (സിഎസ്എം സെൻട്രൽ സ്കൂൾ, എടശ്ശേരി) കൃഷ്ണ നിജീഷ് (എൻഎച്ച് എസ്എസ്, ഏങ്ങണ്ടിയൂർ), എന്നിവർ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾ നേടി. 5 കെ റൺ മത്സരത്തിൽ അനന്തകൃഷ്ണൻ, ശ്രീരാഗ് എ എസ്, മനോജ് കുമാർ എം എന്നിവർ ഉജ്വല പ്രകടനം കാഴ്ച വെച്ച് സമ്മാനങ്ങൾക്കർഹരായി. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും നൽകി. തളിക്കുളം ഗവ.ഹൈസ്കൂൾ ക്ലാസ് 81 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ പ്രസിഡന്റ് ഗഫൂർ അദ്ധ്യക്ഷനായ പരിപാടിയിൽ കൃഷ്ണകുമാർ നന്ദി പറഞ്ഞു.