കേരളം
ശനിയാഴ്ച പ്രവർത്തി ദിനം; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും
സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവർത്തി ദിനമാക്കി. ശനിയാഴ്ച എല്ലാ സേവനങ്ങളും ലഭ്യമാകും. കോവിഡിനെ തുടർന്ന് നിർത്തിവച്ച പഞ്ചിങ് വഴിയുള്ള ഹാജർ പുനരാരംഭിക്കും. കാർഡ് ഉപയോഗിച്ചായിരിക്കും പഞ്ചിങ്. ബയോ മെട്രിക്ക് പഞ്ചിങ് പിന്നീട് പുനരാരംഭിക്കും.
നാളെ ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതടക്കമുള്ളവ അവലോകന യോഗത്തിൽ തീരുമാനിക്കും.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 15,058 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂർ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസർക്കോട് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.