കേരളം
ഫ്ലാറ്റില്‍ ലഹരി വില്പനയും ഉപയോഗവും; കൊലയ്ക്ക് കാരണം സാമ്പത്തികത്തര്‍ക്കമെന്ന് പൊലീസ് കമ്മീഷണർ
കൊച്ചി കാക്കനാട് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഫ്ലാറ്റ് ബാർ ആന്റ് റസ്റ്റോറന്റ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. ഫ്ലാറ്റിൽ ലഹരി വിൽപ്പനയുണ്ടായിരുന്നു. ലഹരി ഉപയോഗവുമുണ്ടായിരുന്നു. ആവശ്യമുള്ള ആളുകൾ വന്നുപോകുന്ന നിലയായിരുന്നു. ആളുകള്‍ ഫ്ലാറ്റില്‍ വന്നു ലഹരി ഉപയോഗിക്കുകയും വാങ്ങുകയും ചെയ്തിരുന്നുവെന്ന് കമ്മീഷണർ പറഞ്ഞു.
കൊലയ്ക്കു കാരണം ലഹരി ഇടപാടിലെ സാമ്പത്തികത്തര്‍ക്കമാണെന്ന് നാഗരാജു പറഞ്ഞു. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവുനശിപ്പിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രതിയെ ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. പ്രതിയുടെ കയ്യിൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ തടയാന്‍ കൊച്ചിയിലെ ഫ്ലാറ്റുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകള്‍ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തുനിന്ന് എത്തുന്നവരെ നിരീക്ഷിക്കണം, റജിസ്റ്റർ സൂക്ഷിക്കണം, സിസിടിവി സ്ഥാപിക്കണം. ഇതുസംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതായി കമ്മിഷണര്‍ അറിയിച്ചു.
വാടകയ്ക്കു നല്‍കുന്നത് പൊലീസ് പരിശോധന പൂര്‍ത്തിയായവര്‍ക്കു മാത്രമായിരിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഫ്ലാറ്റ്, വീട് ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തുമെന്നും കമ്മിഷണർ പറഞ്ഞു. അസ്വാഭാവിക നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടും അറിയിക്കാത്ത ഫ്ലാറ്റ് ഉടമകളെ കൂട്ടുപ്രതിയാക്കി കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.