കേരളം
ശബരിമലയില്‍ ഈ ശബ്ദമിനിയില്ല; സന്നിധാനം അനൗൺസര്‍ ശ്രീനിവാസ് സ്വാമി അന്തരിച്ചു
ശബരിമല സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമയായ ശ്രീനിവാസ് സ്വാമി അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ബെഗളൂരുവിൽ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 25 വര്‍ഷത്തോളമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെൻററിൽ വിവിധ ഭാഷകളിൽ അനൗൺസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് വേണ്ടിയുള്ള അറിയിപ്പുകളും നിര്‍ദേശങ്ങളും വിവിധ ഭാഷകളില്‍ അനൗൺസ് ചെയ്തിരുന്നത് ബെംഗുളൂരു സ്വദേശിയായ ശ്രീനിവാസ് സ്വാമി ആയിരുന്നു. സന്നിധാനത്തെ തിരക്കില്‍ കൂട്ടം തെറ്റിപോകുന്ന കുട്ടികളെയും പ്രായമായവരെയും ബന്ധുക്കള്‍ക്ക് അരികിലേക്ക് എത്തിക്കുന്നതില്‍ ശ്രീനിവാസ് സ്വാമിയുടെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലുള്ള ശ്രീനിവാസ് സ്വാമിയുടെ അറിയിപ്പുകള്‍ കേള്‍ക്കാത്ത ശബരിമല തീര്‍ത്ഥാടകരില്ലെന്ന് തന്നെ പറയാം.