കേരളം
ശബരിമല തീര്‍ത്ഥാടനം; അന്നദാന വഴിപാട് ഇനിമുതല്‍ ക്യു ആര്‍ കോഡ് വഴിയും
ശബരിമലയില്‍ ഇനി മുതല്‍ അന്നദാന വഴിപാട് ക്യു ആര്‍ കോഡ് വഴിയും നടത്താം. ധനലക്ഷ്മി ബാങ്കും ,ദേവസ്വം ബോര്‍ഡും സംയുക്തമായിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്.ലോകത്തിന്‍്റെ ഏത് ഭാഗത്ത് ഉള്ള വ്യക്തിക്കും ഓണ്‍ലൈന്‍ ആയി അന്നദാന വഴിപാടിനുള്ള പണം അയക്കാം. ഭീം അപ്പ് ,ഗൂഗിള്‍ പേ, എന്നിവ വഴിയും പണം അടക്കാം. പുതിയ കാലത്തിന്‍്റെ ആവശ്യം തിരിച്ചറിഞ്ഞാണ് ദേവസ്വം ബോര്‍ഡ് ഈ ക്രമീകരണം കൊണ്ടുവന്നതെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര്‍ വാര്യര്‍ പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ശനിയാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിച്ചത്.നീലിമല, അപ്പാച്ചിമേട് പരമ്പരാഗത പാത വഴി പുലര്‍ച്ചെ രണ്ടു മണി മുതല്‍ തീര്‍ത്ഥാടകരെ കടത്തി വിട്ടു തുടങ്ങി. പുലര്‍ച്ചെ രണ്ടു മുതല്‍ രാത്രി 8 വരെയാണ് ഇത് വഴി തീര്‍ത്ഥാടനം അനുവദിക്കുക. നെയ്യഭിഷേകം നിലവിലെ രീതിയില്‍ തുടരും
ഭക്തര്‍ക്ക് പമ്പസ്‌നാനത്തിനും അനുമതിയുണ്ട്. പമ്പയില്‍ നാലിടത്തായി സ്‌നാനഘട്ടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തെ മുറികളില്‍ തങ്ങാനും അനുമതിയുണ്ട്. ഇതിനായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 500 മുറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് പരമാവധി 12 മണിക്കൂര്‍ തങ്ങാനാണ് അനുമതിയുള്ളത്. എന്നാല്‍ സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള അവസരം ഉണ്ടാകില്ല.
പ്രതിദിനം 45,000 പേര്‍ക്കാണ് നിലവില്‍ ദര്‍ശനത്തിന് അനുമതിയുള്ളത്. ഈ പരിധി ഒഴിവാക്കണമെന്ന ആവശ്യവും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. അതേസമയം, ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും 45000 പേരാണ് വെര്‍ച്ചല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തത്. ഇതില്‍ 80 ശതമാനത്തോളം പേരും ദര്‍ശനത്തിനായി എത്തിയിരുന്നു.
ഈ മാസം 26നാണ് മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയുമായി അനുബന്ധിച്ചുള്ള ദിനങ്ങളില്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാലാണ് 45000 എന്ന പരിധി നീക്കണമെന്ന ആവശ്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. പരിധി നീക്കിയാല്‍ അത് വരുമാന കാര്യത്തില്‍ വലിയ നേട്ടമാകുമെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തുന്നുണ്ട്. ഏതായാലും വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വരുമാന കാര്യത്തില്‍ കനത്ത തിരിച്ചടി നേരിട്ട ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശ്വാസകരമാണ്