കേരളം
യുക്രൈനിൽ നിന്ന് 27 മലയാളികൾ കൂടി നാട്ടിലെത്തി
റഷ്യ ആക്രമണം തുടങ്ങിയ ശേഷം യുക്രൈനിൽ കുടുങ്ങിപ്പോയ 27 മലയാളികൾ ഇന്ന് നാട്ടിലെത്തി. ബോംബുകളും മിസൈലുകൾക്കും നടുവിൽ നൂറ് കണക്കിന് മലയാളികളും അതിലേറെ ഇന്ത്യാക്കാരും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. യുക്രൈനിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളുടെ മൂന്നാമത്തെ സംഘം ഇന്ന് വൈകിട്ടോടെയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. മുംബൈയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിൽ ഇറങ്ങിയത്. ഇതോടെയാണ് തിരിച്ച് സ്വന്തം മണ്ണിലെത്തിയ മലയാളികളുടെ എണ്ണം 27 ആയി ഉയർന്നത്.
ഇന്ന് ഇന്ത്യയിൽ 490 പേർ യുക്രൈനിൽ നിന്ന് തിരിച്ചെത്തി. സംഘർഷ മേഖലകളിൽ നിന്ന് മാറുന്നതാണ് ഉചിതമെന്ന് ഇന്ത്യൻ എംബസി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കീവിൽ നിന്ന് യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് നീങ്ങാൻ ട്രെയിൻ സർവീസ് ഉപയോഗിക്കാനും നിർദേശം നൽകി. അതേസമയം മലയാളികളടക്കം ഇന്ത്യയിലേക്ക് മടങ്ങാനെത്തിയവര്‍ അതിര്‍ത്തിയിൽ കാത്തിരിപ്പ് തുടരുകയാണ്.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ കൂടുതൽ പേരും ഇപ്പോൾ റഷ്യൻ അതിർത്തി വഴി മടങ്ങാനുള്ള സൗകര്യം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇന്ത്യ ഇന്നലെ യുഎന്നിൽ റഷ്യയ്ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചിരുന്നില്ല. വ്ളാഡിമിർ പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് യുക്രൈനിലെ സൈനിക നീക്കത്തിനു ശേഷം ആദ്യം വിളിച്ചത്. റഷ്യയുമായി തുടരുന്ന ഈ നല്ല ബന്ധം ഉപയോഗിച്ച് ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള അനുവാദത്തിന് കേന്ദ്രം സമ്മർദ്ദം ചെലുത്തണം എന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരു പോലെ പറയുന്നത്.
യുക്രൈനിലെ സുമിയിലും കാർഖീവിലും സർഫ്രോസിയിലും കീവിലും കഴിയുന്നവരെ തത്കാലം പടിഞ്ഞാറൻ അതിർത്തികളിൽ എത്തിക്കാൻ കഴിയുന്നില്ല. 40 കിലോമീറ്റർ മാത്രം അകലെയുള്ള റഷ്യൻ അതിർത്തിയിലേക്ക് പോകുന്നതിന് അനുവാദം കിട്ടിയാൽ സുമിയിലുള്ളവർക്ക് ഒന്നോ രണ്ടോ ദിവസത്തിൽ യുക്രൈൻ കടക്കാനാവും. നരേന്ദ്ര മോദിയും വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള സംഭാഷണത്തിൽ ഇക്കാര്യം ചർച്ച ആയെന്നാണ് സൂചന.
വിദേശകാര്യ മന്ത്രി തലത്തിൽ ആശയ വിനിമയം തുടരും എന്നാണ് തീരുമാനിച്ചത്. അതിർത്തി തുറക്കാൻ റഷ്യ ഇനിയും തയ്യാറായിട്ടില്ല. സൈനിക നടപടി ശക്തിപ്പെടുത്തും എന്നാണ് റഷ്യയുടെ ഭാഗത്ത് നിന്നുള്ള സൂചന. കിഴക്കൻ മേഖല വഴിയാകും പ്രധാനമായും സൈനിക നീക്കം. അതിനെ ബാധിക്കുന്ന ഒന്നും അനുവദിക്കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.