കേരളം
മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി അന്തരിച്ചു
മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണു മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. കേരളത്തിൽ ആര്‍എസ്എസിന്റെ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചു.
മികച്ച പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,മറാത്തി കൊങ്ങിണി, ബംഗാളി ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതി.ടാറ്റ ഓയിൽ മിൽസിൽ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവിൽപ്പറമ്പിൽ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബർ 5ന് ആണ് ജനനം. അച്ഛൻ ആർഎസ്എസ് അനുഭാവിയായിരുന്നു.
സെന്റ് ആൽബർട്സിലും മഹാരാജാസിലും പഠനം. ബിഎസ്സിക്കു പഠിക്കുമ്പോഴാണ് 1948ൽ ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസിനെ നിരോധിക്കുന്നത്. തുടർന്ന് ഹരി ജയിലിലായി. 5 മാസത്തെ ജയിൽവാസം. ബിഎ ഇക്കണോമിക്സ് എടുത്ത് വീണ്ടും ബിരുദ പഠനം നടത്തി. പിന്നെ, സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടി. 1951ൽ സംഘപ്രചാരകായി,ആദ്യം വടക്കൻ പറവൂരിൽ.പിന്നീട്, തൃശൂർ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവര്‍ത്തിച്ചു.
1980ൽ സഹപ്രാന്ത് പ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൗധിക് പ്രമുഖായി.ഒരു വര്‍ഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൗധിക് പ്രമുഖുമായി. ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ച് ഗ്രന്ഥ രചനകളിൽ മുഴുകിവിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർ.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തിൽ പൊതുദർശനത്തിനു വയ്ക്കും.ദേശീയ നേതാകൾ അടക്കം സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.