ദേശീയം
പ്ലാറ്റ് ഫോം ടിക്കറ്റിന് 30 രൂപ, ഹ്രസ്വ ദൂര വണ്ടികളിലും ചാര്‍ജ് വര്‍ധന
റെയില്‍വേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ വില പത്തു രൂപയില്‍നിന്നു മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജിലും വര്‍ധന വരുത്തിയിട്ടുണ്ട്.
പ്ലാറ്റ്‌ഫോം ടിക്കറ്റ് ചാര്‍ജ് രാജ്യത്തെല്ലായിടത്തും മുപ്പതു രൂപയായി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തേക്കുള്ള യാത്രാ ചാര്‍ജ് ഇതുവരെ പത്തു രൂപയായിരുന്നു. ഇതും മുപ്പതു രൂപയായി ഉയര്‍ത്തി. അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ മാറ്റം വരുത്തിയതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.
കോവിഡ് പശ്ചാത്തലത്തില്‍ റെയില്‍വേ നിലവില്‍ സ്‌പെഷല്‍ ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നേരത്തെ സര്‍വീസ് നടത്തിയിരുന്ന എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളും പാസഞ്ചര്‍ വണ്ടികളും സ്‌പെഷല്‍ ആയാണ് ഓടുന്നത്. ഫെബ്രുവരി മുതല്‍ ഈ സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
സെപ്ഷല്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കു നിശ്ചയിച്ചത് മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ നിരക്കിന് അനുസരിച്ചാണെന്നാണ് റെയില്‍വേ പറയുന്നത്. പാസഞ്ചര്‍ ട്രെയിനുകളുടെ നിരക്ക് വര്‍ധനയ്ക്ക് ഇതാണ് കാരണം. അതേസമയം സ്‌പെഷല്‍ ട്രെയനുകള്‍ സാധാരണ സര്‍വീസ് ആയി മാറുമ്പോള്‍ നിരക്ക് എങ്ങനെയായിരിക്കും എന്നു റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.