കേരളം
പോക്സോ കേസിൽ റോയി വയലാട്ടും കൂട്ടാളികളും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ
മുൻ മിസ് കേരള ഉൾപ്പെടെയുള്ളവരുടെ മരണത്തിനു പിന്നാലെ വിവാദത്തിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റും കൂട്ടാളികളും പോക്സോ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. റോയിയുടെ കൂട്ടാളി സൈജു തങ്കച്ചൻ, സുഹൃത്ത് കോഴിക്കോട് സ്വദേശിനി അഞ്ജലി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കുമെന്നാണ് വിവരം.
പ്രതികൾ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ തൽക്കാലം അറസ്റ്റില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതികൾ മുൻകൂർ ജാമ്യം തേടിയാലും അറസ്റ്റു ചെയ്യാൻ തടസ്സമില്ലെന്നിരിക്കെയാണ് പ്രതികളെ സഹായിക്കും വിധം പൊലീസ് നിലപാട്. നേരത്തേ മോഡലുകൾ മരിച്ച സംഭവത്തിനു പിന്നാലെ റോയി വയലാറ്റിനെ പൊലീസ് തെളിവു നശിപ്പിച്ചതിന് അറസ്റ്റു ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു.
ചോദ്യം ചെയ്യലിനിടെ റോയിക്കു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ആക്കിയിരുന്നതിനാൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നില്ല. സർക്കാർ ഉത്തരവിന് വിരുദ്ധമായി സമയപരിധി കഴിഞ്ഞു മദ്യം വിളമ്പിയെന്നും കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞു തെളിവ് നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചു.
അഞ്ജലിയുടെ സ്ഥാപനത്തിലെ ജോലിക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നുള്ള പരാതിയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ നിരവധി പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്.