കേരളം
കോവളത്തെ പാറക്കൂട്ടങ്ങൾ തീവ്രവാദികൾക്ക് ഒളിത്താവളം ആകാമെന്ന് സർവ്വേ റിപ്പോർട്ട്
വിനോദസഞ്ചാരകേന്ദ്രമായ കോവളത്തെ ഇടക്കൽ പാറക്കൂട്ടങ്ങളും തീവ്രവാദികൾക്ക് ഒളിത്താവളമാകാമെന്ന് സർവേ റിപ്പോർട്ട്. രാജ്യത്തെ തീരദേശമേഖലകളിലുള്ളതും ഒറ്റപ്പെട്ടതുമായ ദ്വീപുകളും സമാനമായ പ്രദേശങ്ങളും തീവ്രവാദികൾക്ക് ഒളിത്താവളമായേക്കാമെന്ന നിഗമനത്തെ തുടർന്ന് ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി(ഐ.ഡി.എ.)യാണ് സർവേ നടത്തിയത്.
രാജ്യത്തെ കടലോരമേഖലകളിലെ 1200 ദ്വീപുകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് കോവളം-വിഴിഞ്ഞം കടലിലെ ഇടക്കൽ പാറക്കൂട്ടങ്ങളും തീവ്രവാദികൾക്ക് ഒളിത്താവളമായേക്കാമെന്ന് കണ്ടെത്തിയത്. ഇടക്കല്ലിനെ കൂടാതെ ഉടയോൻ വാഴി, കെ.ടി.ടി.സി.യുടെ മറുവശത്തുള്ള പാറക്കൂട്ടം, ലൈറ്റ് ഹൗസിന് താഴെയുള്ള പാറക്കൂട്ടം എന്നിവിടങ്ങളിലും നിരീക്ഷണം വേണം.
അഞ്ചോ അധിലധികമോ ആളുകൾക്ക് ഒളിച്ചിരിക്കാനാകുന്ന ഇടങ്ങൾ കോവളത്തെ ഇടക്കൽ പാറക്കൂട്ടങ്ങളിലുമുണ്ടെന്നാണ് പരിശോധയിൽ തെളിഞ്ഞത്. 2018 ജൂൺ 30-നായിരുന്നു ഐലൻഡ് അതോറിറ്റി, നാവികസേന, കോസ്റ്റ്ഗാർഡ്, വിഴിഞ്ഞം തീരദേശ പോലീസ് എന്നീ ഏജൻസികളുടെ മേധാവികളുടെ സാന്നിധ്യത്തിൽ നടത്തിയ സുരക്ഷാ ഓഡിറ്റിലാണ് ഇടക്കൽ പാറക്കൂട്ടങ്ങളും നിരീക്ഷണത്തിലാക്കണമെന്ന നിർദേശമുണ്ടായത്.
തീവ്രവാദ ഭീഷണി കണക്കിലെടുത്ത് വിവിധ സുരക്ഷാ ഏജൻസികൾ സംസ്ഥാനത്തെ കടൽത്തീരത്തെ ആളില്ലാ കെട്ടിടങ്ങളുടെ കണക്കെടുപ്പ് നടത്തിവരുകയാണ്. 2008-ലെ മുംബൈ ആക്രമണത്തിനു ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നിർദേശത്തെ തുടർന്ന് ദ്വീപുകൾ സമാനമായ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സർവേ നടത്തിയത്.