കേരളം
പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
വെങ്കല മെഡല്‍ നേടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാതിരുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുമ്പോഴും കേരള സര്‍ക്കാര്‍ ഇതില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്തുകൊണ്ട് എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.
ഇതിനെല്ലാം വിരാമമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ അഭിമാനമായ ശ്രീജേഷിന് അര്‍ഹിച്ച പരിഗണന നല്‍കിയത്. ഒളിംപിക്‌സില്‍ കേരളത്തില്‍ നിന്ന് മത്സരിച്ച മറ്റു താരങ്ങള്‍ക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു താരങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.