Uncategorized
ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം
ശബരിമല തീർത്ഥാടനം നിരോധിച്ചു. പമ്പാ ത്രിവേണിയിൽ വെള്ളം കയറിയതിനാലും പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉള്ളതിനാലും അപകടസാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം. ഇന്ന് ശബരിമലയിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. ബുക്ക് ചെയ്ത് ശബരിമലയിലേക്ക് പുറപ്പെട്ടവർ അതാത് സ്ഥലങ്ങളിൽ തുടരണമെന്നാണ് നിർദ്ദേശം.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ശബരിമല തീർഥാടകർ പമ്പാ നദിയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റിസർവോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. ആറ് മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽ വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. രാത്രി 9 മണിക്കാണ് കെ എസ് ഇ ബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.