കേരളം
ഡോ. അരുൺകുമാറും റിപ്പോർട്ടർ ചാനലിലേക്ക്; പുതിയ മുഖവുമായി റിപ്പോർട്ടർ
മലയാളം വാർത്താ ചാനലിൽ അവതരണ ശൈലികൊണ്ട് ശ്രദ്ധനേടിയ മാധ്യമ പ്രവർത്തകനാണ് ഡോ. അരുൺകുമാർ. അദ്ധ്യാപന രംഗത്തു നിന്നുമാണ് മാധ്യമപ്രവർത്തന രംഗത്തേക്ക് അദ്ദേഹം ചുവടുവെച്ചത്. മീഡിയ വൺ ചാനലിൽ നിന്നും വാർത്താ അവതരണ രംഗത്തേക്ക് കടന്ന അരുൺ പിന്നീട് പ്രശസ്തി പിടിച്ചുപറ്റിയത് 24 ന്യൂസ് ചാനലിലൂടെയാണ്. 24 ചാനൽ വാർത്താരംഗത്തു കൊണ്ടുവന്ന സാങ്കേതിക മാറ്റങ്ങൾക്കൊപ്പം നിലകൊണ്ടതോടെ മലയാളം ചാനൽ രംഗത്ത് പല മാറ്റങ്ങളും രംഗത്തുവന്നു. ഒഗ്മെന്റഡ് റിയാലിറ്റി അടക്കമുള്ള മാറ്റങ്ങൾ പരീക്ഷിച്ചതോടെ അരുൺ സൈബറിടത്തിലെയും താരമായി മാറി.
ഇടക്കാലം കൊണ്ട് അദ്ധ്യാപന രംഗത്തേക്ക് പ്രവേശിച്ച അരുൺകുമാർ വീണ്ടും മുഴുവൻ സമയ മാധ്യമപ്രവർത്തകനാകുകയാണ്. 16 വർഷത്തെ അദ്ധ്യാപന ജീവിതം അവസാനിപ്പിച്ച് മാധ്യമ രംഗത്തേയ്ക്ക് എത്തുന്നതായി ഡോ. അരുൺകുമാർ തന്നെയാണ് വ്യക്തമാക്കിയത്. എം.വി നികേഷ് കുമാറിനൊപ്പം റിപ്പോർട്ടർ ചാനലിന്റെ നേതൃത്വ നിരയിലാണ് അരുൺ എത്തുന്നത്. റിപ്പോർട്ടർ ചാനലിൽ കൺസൽട്ടിങ് എഡിറ്ററായി അരുൺ കുമാർ ചുമതലയേറ്റു. ചാനൽ എംഡി ആന്റോ അഗസ്റ്റിൻ പൂച്ചെണ്ട് നൽകി അരുൺകുമാറിനെ സ്വീകരിച്ചു.
അദ്ധ്യാപന രംഗത്തു നിന്നും മാറി പൂർണ മാധ്യമപ്രവർത്തന രംഗത്തേക്ക് കടക്കുന്നതിനെ കുറിച്ച് അരുൺ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
പ്രിയപ്പെട്ടവരെ,
16വർഷത്തെ അദ്ധ്യാപന ജീവിതം അവസാനിപ്പിച്ച് സർവ്വകലാശാലയിൽ നിന്ന് ഇന്ന് ഇറങ്ങുന്നു.പി എസ് സി പരീക്ഷയെഴുതി അഭിമുഖം കഴിഞ്ഞ് നിയമനം നേടി പതിന്നാലു വർഷം ജോലി ചെയ്ത പാലക്കാട് ഗവ.വിക്ടോറിയ കോളേജാണ് ഓർമ്മയിൽ നിറഞ്ഞു പൂത്തു നിൽക്കുന്നത്. ഒറ്റപ്പാലത്തെയും കാര്യവട്ടത്തെയും അദ്ധ്യാപനകാലവും ഹൃദ്യം തന്നെ. 2004 ഡിസംബറിൽ തുടങ്ങിയ സർവ്വീസ് അവസാനിപ്പിക്കുമ്പോൾ നഷ്ടം ഏറെയുണ്ട്. പതിനാറു വർഷം ബാക്കിയുള്ള സർവ്വീസ്, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ ഒക്കെ.
എങ്കിലും വാർത്താ മുറിയിലെ ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതിനാൽ, അതൊരു തൊഴിലുമാത്രമായി തോന്നാത്തതിനാൽ അവിടേക്കു മടങ്ങുന്നു.
ഇന്നേ വരെ ഒരു സ്വാധീനത്തിനും ശ്രമിച്ചിട്ടില്ല, വഴങ്ങിയിട്ടുമില്ല. കാലിക്കറ്റ് സർവ്വകലാശാലയിലടക്കം ലിസ്റ്റിൽ ഒന്നാം റാങ്കിൽ വന്നിട്ടും നിയമനം നൽകാതെ മരവിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ആകെ സമ്പാദ്യം മിടുക്കരായ വിദ്യാർത്ഥികളാണ്.
നാളെ മുതൽ എം.വി നികേഷ് കുമാറിനൊപ്പം റിപ്പോർട്ടർ ചാനലിന്റെ നേതൃത്വ നിരയിലുണ്ടാവും. പൂർണമായും മാധ്യമ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ്. പറയുന്നതിൽ ഉത്തരവാദിത്തമുണ്ടാവും, പറയാനും.
സ്‌നേഹത്തോടെ,
അരുൺ
മലയാളം ചാനൽ രംഗത്തെ പ്രമുഖ മുഖങ്ങളുമായാണ് റിപ്പോർട്ടർ ടിവി റീലോഞ്ചിന് ഒരുങ്ങുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ എ ആർ- വി ആർ- എക്‌സ് ആർ ന്യൂസ് സ്റ്റുഡിയോ സംവിധാനങ്ങളോടെയാണ് ചാനൽ മിഴി തുറക്കുന്നത്. മികച്ച സാങ്കേതിക മികവോടെയാണ് ചാനൽ അണിയറയിൽ ഒരുങ്ങുന്നത്. ചാനലിൽ നിർണായക റോൾ തന്നെയാണ് അരുൺ കുമാറിനുള്ളത്.
ഒരു വിഭാഗം പ്രമുഖ മാധ്യമപ്രവർത്തകരും അരുൺകുമാരിനൊപ്പം റിപ്പോർട്ടർ ചാനലിലുണ്ട്. നേരത്തെ 24 വിട്ട അനിൽ അയിരൂരാണ് റിപ്പോർട്ടർ ടിവിയുടെ പ്രസിഡന്റ് സ്ഥാനത്തുള്ളത്. സ്മൃതി പരുത്തിക്കാടാനാണ് എക്സിക്യൂട്ടീവ് എഡിറ്റർ പദവിയിൽ. പ്രമുഖ മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ വിഭാഗം തലവനായി ചുമതലയേറ്റിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിൽ ചീഫ് ഓഫ് ന്യൂസ് ആയിരുന്നു.
റിപ്പോർട്ടർ ടിവി സ്‌പെഷ്യൽ കറസ്‌പോണ്ടന്റായി ടി.വി പ്രസാദും ചുമതലയേറ്റിരുന്നു. കൂടാതെ മാതൃഭൂമി ന്യൂസ് ചാനലിൽ നിന്നും ആർ ശ്രീജിത്തും റിപ്പോർട്ടർ ടിവിക്കൊപ്പം ചേർന്നിരുന്നു. സുജയ പാർവതിയും ചാനലിനൊപ്പം എത്തിയിട്ടുണ്ട്. മലയാളത്തിലെ മറ്റ് ടെലിവിഷൻ ന്യൂസ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി ഒരു മാധ്യമപ്രവർത്തകന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യ ന്യൂസ് ചാനലാണ് റിപ്പോർട്ടർ.
ഇന്ത്യാവിഷനിൽ നിന്നും ഇറങ്ങിയ എംവി നികേഷ് കുമാറെന്ന കേരളത്തിലെ ഏറ്റവും പ്രമുഖനായ മാധ്യമപ്രവർത്തകൻ മാനേജിങ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായി 2011 മെയ് 13 നാണ് ചാനൽ പ്രവർത്തനം ആരംഭിക്കുന്നത്. മലയാളം വാർത്താ ലോകത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി വാർത്തകൾ റിപ്പോർട്ടർ ചാനൽ പുറത്തുകൊണ്ടിവന്നിരുന്നു.