കേരളം
വടക്കഞ്ചേരി അപകടത്തിന്റെ കാരണം; സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് സമര്‍പ്പിച്ചു
വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമര്‍പ്പിച്ചു. എൻഫോഴ്‌സ്മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാറാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് വിശദ റിപ്പോർട്ട് കൈമാറിയത്.
18 പേജുള്ള റിപ്പോർട്ടിൽ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള ചില കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.
വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ യാത്രക്കാരുടെയും അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ജീവനക്കാരുടെയും മൊഴിയെടുക്കാൻ പൊലിസ്. കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് നിർത്തിയത് കൊണ്ടാണ് അപകടം ഉണ്ടായതെന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് പോലിസ് നടപടി. ജോമോനെ വടക്കഞ്ചേരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചവരെയും പൊലിസ് ചോദ്യം ചെയ്യും.
ഇന്നലെ രാത്രി പ്രേരണക്കുറ്റo ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.വാഹനം ഓടിക്കുമ്പോൾ ജോമോൻ മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വൈകാതെ കിട്ടുമെന്നാണ് പൊലിസ് പ്രതീക്ഷ.