കേരളം
ഇന്ന് കർക്കിടക വാവ്, ബലിതർപ്പണം വീടുകളിൽ മാത്രം
പിതൃസ്മരണയുമായി ഇന്ന് കർക്കിടക വാവ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല. വീടുകളിൽത്തന്നെ ചടങ്ങുകൾ നടത്തണമെന്നാണ് നിർദേശം. ബലിതർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾ ക്ഷേത്രങ്ങളിൽ നടത്താം.
തിരുവനന്തപുരത്ത് നൂറുകണക്കിന് വിശ്വാസികൾ ബലി തർപ്പണത്തിനെത്തിയിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലിതർപ്പണം ഉണ്ടാവില്ല. തെക്കൻ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വർക്കലയിലും ആലുവാ മണപ്പുറത്തും സമാന സ്ഥിതിയായിരിക്കും.
ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഈ ഒരു ദിവസമാണ്. കർക്കിടക വാവിന് ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. എള്ളും, പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.
ഇന്ന് ഉച്ചയ്ക്ക് 12.15 വരെ ബലിയിടാനുള്ള സമയമാണങ്കിലും പുലർച്ചെ ആറിനും പത്തിനുമിടയിൽ ചെയ്യുന്നതാണ് ഉത്തമമെന്നാണ് ആചാര്യൻമാർ അറിയിക്കുന്നത്. പല ക്ഷേത്രങ്ങളും ഓൺലൈനായി ബലിതർപ്പണ ചടങ്ങുകളും മന്ത്രങ്ങളും പറഞ്ഞ് നൽകുന്നുണ്ട്.