Covid 19
ഒരേ മാസ്ക് സ്ഥിരമായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസിനു കാരണമായേക്കാം; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍
കൊവിഡിനൊപ്പം ഭീതി പടത്തി രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും. 9000ത്തിലധികം ആളുകളിലാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് പടര്‍ന്നിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്.
കൊവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ബ്ലാക്ക് ഫംഗസ് മൂലം കണ്ണ് സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടതായി വരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ബ്ലാക്ക് ഫംഗസ് ബാധയുടെ വിവിധ കാരണങ്ങള്‍ വിശകലനം ചെയ്യുകയാണ് എയിംസിലെ ഡോക്ടര്‍മാര്‍.വൃത്തിഹീനമായ ശീലങ്ങളും കഴുകാതെ തുടര്‍ച്ചയായി ഒരേ മാസ്ക് തന്നെ ഉപയോഗിക്കുന്നതും ബ്ലാക്ക് ഫംഗസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തുടര്‍ച്ചയായി ഒരേ മാസ്ക് തന്നെ മൂന്നാഴ്ചയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് വരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടൊപ്പം, ഉപയോഗിക്കുന്ന മാസ്ക്ക് വൃത്തിഹീനമായി വയ്ക്കാതെ ദിവസവും കഴുകിയിടണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.സിലിണ്ടറില്‍ നിന്ന് നേരിട്ട് രോഗികള്‍ക്ക് കോള്‍ഡ് ഓക്‌സിജന്‍ നല്‍കുന്നതും രോഗബാധയ്ക്ക് കാരണമായേക്കാം എന്നാണ് വിദഗ്ധാഭിപ്രായം.
പ്രമേഹരോഗികളിലാണ് പൊതുവില്‍ ബ്ലാക്ക് ഫംഗസ് ബാധ ഗുരുതരമാകാറുള്ളത്. സ്റ്റിറോയിഡുകളുടെ അമിതോപയോഗവും രോഗബാധയ്ക്ക് കാരണമായി പറയാറുണ്ട്. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍നിന്ന് കറുത്ത നിറത്തിലുള്ള ദ്രവം പുറത്തുവരിക തുടങ്ങിയവയാണ് ബ്ലാക്ക് ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍.