കാലാവസ്ഥ
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പെയ്തത് റെക്കോർഡ് മഴ; വ്യാപക നാശനഷ്ടം
ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശം, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, 24 മണിക്കൂറിനിടെ പെയ്തത് റെക്കോർഡ് മഴ. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ലഭിച്ചത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴ. മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സമിതി യോഗത്തിന് ശേഷം റവന്യൂ മന്ത്രി അറിയിച്ചു. ഡാമുകൾ തുറന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന നിർദ്ദേശമുണ്ട്.
സംസ്ഥാനത്ത് അളവിൽ കൂടുതൽ മഴയാണ് പെയ്തത്. 69.6 മില്ലീലിറ്റർ മഴ ഒരു ദിവസം ലഭിക്കുന്നത്. . അതിൽ ഏറ്റവും കൂടുതൽ മഴ പെയതത് കോട്ടയത്താണ്. 103 മില്ലീമീറ്റർ.എല്ലാ ജില്ലകളിലും അലര്‍ട്ടുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പുമുണ്ട്. ഡാമുകളിൽ അപകടകരമായ സ്ഥിതിയില്ല. ആവശ്യമായ വെള്ളം മാത്രമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കൊല്ലം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തമഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. പാലക്കാട് ആലത്തൂർ പത്തനാപുരത്തെ നടപ്പാലം കനത്ത മഴക്ക് പിന്നാലെ തകർന്നു വീണു. 1500 കുടുംബങ്ങൾക്ക് ഗായത്രിപുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലമാണ് തകർന്നത്.
കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു. മൂന്നാം വളവിലും പത്ത്, പതിനൊന്ന് വളവുകൾക്കിടയിൽ ചുങ്കക്കുറ്റിയിലും ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് എറണാകുളം കോതമംഗലത്ത് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി ആദിവാസി കുടികൾ ഒറ്റപ്പെട്ടു.
പത്തനംതിട്ട പെരുന്നാട് അരയാഞ്ഞിലിമണ്ണ് കോസ് വേ വെള്ളത്തിൽ മുങ്ങി 380 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കോന്നിയിൽ കുട്ട വഞ്ചി സവാരി കേന്ദ്രം അടച്ചു. മട്ടാഞ്ചേരിയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നു. അഞ്ച് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂർ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിനോദസഞ്ചാരികളുടെ അടക്കം നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. തൃശൂർ കുഴൂർ പാറപ്പുറത്ത് മരം കടപുഴകി വീണ് വീട് തകർന്നു. തറേപ്പറമ്പിൽ രാജേഷിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.
മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വീടിൻ്റെ മേൽക്കൂര തകര്‍ന്ന് വീണ് അമ്പലപ്പുഴയിൽ അമ്മയ്ക്കും നാല് വയസുള്ള കുഞ്ഞിനും പരിക്കേറ്റു. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകൾ തകര്‍ന്നു. വാഹനങ്ങൾക്കും കേടുപാടുണ്ടായി. ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങൽക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം ഉണ്ടായി.
ഇടുക്കിയിൽ മരം വീണും മണ്ണിടിഞ്ഞും രണ്ട് വീടുകൾ തകർന്നു. അടിമാലിയിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു. മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്ന് എ രാജ എം.എൽ.എ പറഞ്ഞു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം നിരോധിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ രാത്രി കാല യാത്രക്കും നിയന്ത്രണമുണ്ട്.
മോശം കാലാവസ്ഥയും കാറ്റും കാരണം ഇന്നും നാളെയും കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശമുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അരുവിക്കര. കല്ലാർകുട്ടി, ലോവർ പെരിയാർ, പമ്പാ, പെരിങ്ങൽകുത്ത് ഡാമുകളിൽ നിന്ന് മുൻകരുതലിൻരെ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കിവിടുന്നു.
ജില്ലകളിൽ എൻഡിആര്‍എഫ് ടീമിനെ നിയോഗിച്ചു. മലയോര മേഖലയിൽ രാത്രി യാത്രകൾ നിരോധിക്കും. പ്രാദേശിക തലത്തിൽ റാപ്പിഡ് റസ്പോൺസ് ടീം രൂപീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ജില്ലയിലും ഒരു കോടി രൂപ ദുരന്തനിവാരണ ഫണ്ട് അനുവദിച്ചു. ആവശ്യമായ ക്യാമ്പുകൾ തുടങ്ങാം. ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജെൻസി സെന്റര്‍ തുടങ്ങും. ആശങ്ക വേണ്ട ജാഗ്രത തുടരണണെന്നുമാണ് സർക്കാറിന്റെ നിർദ്ദേശം.