കേരളം
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ സോമദാസ് അന്തരിച്ചു
ഗായകന്‍ സോമദാസ് (42) അന്തരിച്ചു. ഗാനമേളകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായിരുന്നു സോമദാസ്. പുലര്‍ച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സ്റ്റാര്‍ സിങ്ങര്‍ (2008), ബിഗ് ബോസ് (2020) തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയാണ് സോമദാസ് തിളങ്ങിയത്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്‌ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന സോമദാസിന് വിദേശത്ത് നിരവധി ഷോകളില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്.
കോവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൃക്കരോഗവും കണ്ടെത്തി. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് സോമദാസ്. രാവിലെ 11.30ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങള്‍ നടക്കും. ഭാര്യയും നാല് പെണ്‍മക്കളുമുണ്ട്.