കേരളം
വെറും 2000 രൂപയ്ക്ക് ശ്രീകൃഷ്‌ണന്റെ 40 വർഷം പഴക്കമുള്ള ഉറി; മോശയുടെ അംശവടി, വാക്കിങ് സ്‌റ്റിക്ക്; അറസ്റ്റിലായ മോൻസന്റെ ‘പുരാവസ്‌തു’ ശേഖരം ഇങ്ങനെ
സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോൻസൻ മാവുങ്കലിന്റെ അമൂല്യ ‘പുരാവസ്‌തു’ എന്ന പേരിലുള്ള വസ്തുക്കളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസന് പുരാവസ്തുക്കൾ നൽകിയ സന്തോഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുരാവസ്‌തുക്കൾ എന്ന് മോൻസൻ അവകാശപ്പെടുന്ന പല വസ്തുക്കളും നിർമിക്കുകയും പലരിൽനിന്നായി എത്തിക്കുകയും ചെയ്‌തത് കിളിമാനൂർ സ്വദേശിയായ സന്തോഷാണ്.
വൈറലായ മോശയുടെ അംശവടി വെറും വാക്കിങ് സ്‌റ്റിക്കാണെന്ന് സന്തോഷ് പറയുന്നു. വാക്കിങ് സ്‌റ്റിക്കാണെന്നു പറഞ്ഞുതന്നെയാണ് കൗതുകമുള്ള ഊന്നുവടി കൈമാറിയത്. എന്നാൽ, യൂട്യൂബിൽ അത് മോശയുടെ അംശവടിയായിമാറി. ശ്രീകൃഷ്‌ണന്റെ ഉറി 2000 രൂപ കൊടുത്ത് ഒരു വീട്ടിൽനിന്നു വാങ്ങിയതാണ്. 40 വർഷം പഴക്കമുള്ള ഉറിയാണ് ശ്രീകൃഷ്‌ണ ചരിത്രവുമായി കൂട്ടിക്കെട്ടിയതെന്ന് സന്തോഷ് പറയുന്നു.
മുഹമ്മദ് നബി കൈകൊണ്ട് മണ്ണുകുഴച്ചുണ്ടാക്കിയ അത്ഭുത സിദ്ധിയുള്ള വിളക്കെന്ന് പറഞ്ഞ് കാണിക്കുന്നത് ജൂതന്മാർ ഉപയോഗിച്ചിരുന്ന നൂറുവർഷം മാത്രം പഴക്കമുള്ള വെറും മൺവിളക്കാണെന്നാണ് ഇയാൾ പറയുന്നത്. അതിഥികൾക്ക് താൽക്കാലികമായി സമ്മാനിക്കുന്ന കല്ലുപതിച്ച മോതിരങ്ങളും വ്യാജമാണ്. മോൻസന്റെ വീട്ടിലുള്ള 70 ശതമാനത്തിലേറെ വസ്‌തുക്കളും താനാണ് നൽകിയതെന്നാണ് സന്തോഷിന്റെ അവകാശവാദം.
ഇവകാണിച്ച് യൂട്യൂബിലും മറ്റും യുഗങ്ങളുടെ പഴക്കം അവകാശപ്പെടുന്നത് തനിക്ക് അറിയാമായിരുന്നെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ബിസിനസിലേക്ക് ആളെ ആകർഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു മോൻസന്റെ മറുപടി. അഞ്ചുവർഷത്തെ പരിചയത്തിനിടയിൽ മോൻസന് വാങ്ങി നൽകിയ വസ്‌തുക്കൾക്കൊന്നും പ്രതിഫലം നൽകിയിട്ടില്ലെന്നും മുടങ്ങിക്കിടക്കുന്ന കോടികൾ കിട്ടുമ്പോൾ തന്റെ കടബാധ്യതകൾ തീർക്കാമെന്നാണ് വിശ്വസിപ്പിച്ചിരുന്നതെന്ന് സന്തോഷ് പറഞ്ഞു.