കേരളം
കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം, പ്രതി അറസ്റ്റിൽ
കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിൽ നിന്നാണ് പ്രതി ബസിൽ കയറിയത്. വാഴക്കുളത്ത് വെച്ചാണ് ലൈംഗികാതിക്രമത്തെ കുറിച്ച് യാത്രക്കാരി പരാതി നൽകിയത്. യുവതിയുടെ പരാതിയെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ബസുകളിൽ വെച്ചുള്ള ലൈംഗികാതിക്രമം ആവര്‍ത്തിക്കപ്പെടുകയാണ്. കൊച്ചിയിൽ പട്ടാപ്പകൽ കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പോകവേയാണ് നടിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായത്. ദേശീയപാതയിൽ അത്താണിയിൽ വെച്ചായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നുമാണ് യുവാവ് ബസിൽ കയറുന്നത്. യുവതിയുടെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസിൽ കയറിയതുമുതൽ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കണ്ടക്ടര്‍ കൂടിയിടപെട്ടാണ് പ്രതിയെ പിടികൂടിയത്.