ദേശീയം
റാൻസംവെയർ ആക്രമണം; ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു
ഒരു ടെക്‌നോളജി സേവന ദാതാവിന് നേരെയുണ്ടായ റാൻസംവെയർ ആക്രമണം ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു. ചെറുകിട പ്രാദേശിക ബാങ്കുകളിലുടനീളമുള്ള പേയ്‌മെൻ്റ് സംവിധാനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കേണ്ടി വന്നു. രാജ്യത്തുടനീളമുള്ള ചെറുകിട ബാങ്കുകൾക്ക് സാങ്കേതിക സംവിധാനങ്ങൾ നൽകുന്ന സി-എഡ്ജ് ടെക്നോളജീസിനെ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ട്.
സി-എഡ്ജ് സേവനം നൽകുന്ന ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് പേയ്‌മെൻ്റ് സംവിധാനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഇതെന്നും എൻപിസിഐ അറിയിച്ചു.
വലിയ തോതിലുളള ആഘാതം തടയുന്നതിനായി 300 ഓളം ചെറുകിട ബാങ്കുകളെ രാജ്യത്തെ വിശാലമായ പേയ്‌മെൻ്റ് ശൃംഖലയിൽ നിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം ചെറുകിട ബാങ്കുകളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ആയതിനാൽ രാജ്യത്തെ പേയ്‌മെൻ്റ് സിസ്റ്റത്തെ 0.5 ശതമാനം മാത്രമം ആക്രമണം ബാധിക്കുകയുള്ളൂ.ഇന്ത്യയ്ക്ക് ഏകദേശം 1,500 സഹകരണ, പ്രാദേശിക ബാങ്കുകളാണ് ഉളളത്. ഇതിൽ ചില ബാങ്കുകളെയാണ് ആക്രമണം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആക്രമണം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എൻപിസിഐ ഓഡിറ്റ് നടത്തും. ഒരു കമ്പ്യൂട്ടറിനെയോ നെറ്റ്‌വർക്കിനെയോ റാൻസംവെയർ ബാധിച്ചിട്ടുണ്ടെങ്കിൽ ആ സിസ്റ്റത്തിലുള്ള ഡാറ്റ എൻക്രിപ്റ്റ് ചെയ്യാൻ സാധിക്കും.