കേരളം
കുടുംബത്തിനെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകൾ നിർമിച്ചതെന്ന് രാഖി
പി.എസ്.സിയെ കബളിപ്പിക്കാനല്ല, കുടുംബത്തിനെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകൾ നിർമിച്ചതെന്ന് സംഭവത്തിൽ അറസ്റ്റിലായ യുവതി. വ്യാജ നിയമന ഉത്തരവും പി.എസ്.സിയുടെ അഡ്വൈസ് മെമ്മോയും നിർമിച്ച് കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു ശ്രമം. കേസിൽ കൊല്ലം വാളത്തുംഗൽ ‘ഐശ്വര്യ’യിൽ ആർ. രാഖി (25)യാണ് അറസ്റ്റിലായത്. ഇവർക്ക് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത യുവതിയെ റിമാൻഡ് ചെയ്യാനാവശ്യപ്പെട്ട് ഞായറാഴ്ച വൈകീട്ട് മജിസ്ട്രേറ്റിനു മുന്നിൽ കൊല്ലം ഈസ്റ്റ് പൊലീസ് ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. മുലപ്പാൽ കുടിക്കുന്ന ചെറിയ കുട്ടിയുണ്ടെന്നതുൾപ്പെടെ വാദങ്ങൾ യുവതി ഉയർത്തി. പി.എസ്.സിയെ കബളിപ്പിക്കാനല്ല, കുടുംബത്തിനെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകൾ നിർമിച്ചതെന്നും വാദിച്ചു. തുടർന്ന്, ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയാണ് വീട്ടുകാർക്കൊപ്പം പോകാൻ അനുവദിച്ചത്. കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയും ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും ചൊവ്വാഴ്ച സമർപ്പിക്കാൻ പൊലീസിനും നിർദേശം നൽകി. സംഭവത്തിൽ വിശദ അന്വേഷണം നടത്താനുള്ള പൊലീസിന്റെ നീക്കത്തിന് ഇതോടെ തിരിച്ചടിയായി. വിശദമായി ചോദ്യം ചെയ്യുകയും വ്യാജരേഖ ചമക്കാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും വേണ്ടതുണ്ട്.
എന്നാൽ, യുവതിക്ക് ജാമ്യം ലഭിച്ചതോടെ ഇതിന് തൽക്കാലം കഴിയാത്ത സ്ഥിതിയാണ്. ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ നൽകി, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ജില്ല പി.എസ്.സി ഓഫിസർ ടി.എ. തങ്കത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് പൊലീസ് നിലവിൽ കേസെടുത്തത്.
പി.എസ്.സിയുടെ എൽ.ഡി ക്ലർക്ക് റാങ്ക് പട്ടികയിൽ 22 ാമത് റാങ്ക് ലഭിച്ചതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്, നിയമന ഉത്തരവ് വരെ നിർമിച്ചാണ് യുവതി ശനിയാഴ്ച കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ കുടുംബവുമൊത്ത് ജോലിയിൽ പ്രവേശിക്കാനെത്തിയത്. ‘റവന്യൂ ജില്ല ഓഫിസർ’ എന്ന ഇല്ലാത്ത തസ്തികയിലുള്ള ഓഫിസർ ഒപ്പിട്ട ‘നിയമന ഉത്തരവ്’ വ്യാജമാണെന്ന് തഹസിൽദാർ കണ്ടെത്തി.
പി.എസ്.സി അധികൃതർ റാങ്ക് ലിസ്റ്റ് തിരുത്തിയതാണെന്ന ആരോപണവുമായി ഭർത്താവും യുവതിയും ജില്ല പി.എസ്.സി ഓഫിസിൽ എത്തുകയായിരുന്നു. എല്ലാം വ്യാജമായി നിർമിച്ചതാണെന്ന് പി.എസ്.സി അധികൃതരും പൊലീസും കണ്ടെത്തിയതോടെ യുവതി കുറ്റം ഏറ്റുപറഞ്ഞു. ഭർത്താവിനെയും കുടുംബത്തെയും യുവതി കബളിപ്പിച്ചതാണെന്ന് വ്യക്തമായതോടെയാണ് കസ്റ്റഡിയിലുണ്ടായിരുന്ന ഭർത്താവിനെ പൊലീസ് വിട്ടത്.