കേരളം
കേരളത്തില്‍ മഴ കനക്കുന്നു, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കാലവര്‍ഷത്തിന് തുടങ്ങിയതിന് പിന്നാലെ നിസര്‍ഗ്ഗ ചുഴലിക്കാറ്റിന് മുന്നോടിയായി ഉണ്ടായ ന്യൂനമര്‍ദ്ദത്തില്‍ കേരളത്തില്‍ മഴ ശക്തമായി. ഇന്ന് വൈകിട്ടോടെ നിസര്‍ഗ്ഗ ചുഴലിക്കാട്ട് മഹാരാഷ്ട്രയിലേക്ക് കയറും. കേരളത്തില്‍ കാറ്റ് കാര്യമായി തൊടുകയില്ലെങ്കിലും ഇതിന്റെ ഭാഗമായി കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും കോഴിക്കോട് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂർ, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇന്ന് പുലര്‍ച്ചെ മുതല്‍ തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ്. തലസ്ഥാനത്ത് ഇന്നലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഡാമുകള്‍ നിറഞ്ഞു. മുന്‍കരുതലിന്റെ ഭാഗമായി നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഇന്ന് രാവിെല ഉയര്‍ത്തി. വേനല്‍ മഴയില്‍ ഷട്ടര്‍ ഉയര്‍ത്തിയതിന് പിന്നാലെ കാലവര്‍ഷം ശക്തമായതോടെയാണ് അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തിയത്. ശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്‍ നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മദ്ധ്യകേരളത്തില്‍ ശക്തമായ മഴയാണ്. ഇടുക്കിയിലും എറണാകുളത്തും തൃശൂരും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയും കല്‍പ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നലകിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ മദ്ധ്യകേരളത്തില്‍ മഴ ശക്തമാണ്. എറണാകുളത്തും കോട്ടയത്തും പുലര്‍ച്ചെ മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. ഇടുക്കിയില്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകളും ഉയര്‍ത്തി. എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്.
ഏഴു വര്‍ഷത്തിന് ശേഷമാണ് ജൂണ്‍ 1 ന് തന്നെ കാലവര്‍ഷം എത്തിയത്. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദമാണു മണ്‍സൂണിനെ കൃത്യമായി ജൂണ്‍ ഒന്നിനു തന്നെ എത്തിച്ചത്. ഇതേ ന്യൂനമര്‍ദം തന്നെ കാലവര്‍ഷത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. ന്യൂനമര്‍ദം തീവ്രസ്വഭാവത്തിലേക്കു മാറിയെന്നും ചുഴലിക്കാറ്റായി മാറുമെന്നുമാണു കാലാവസ്ഥാ ഗവേഷണ കേന്ദ്രം നല്‍കുന്ന സൂചന. തീവ്ര സ്വഭാവം ആര്‍ജിച്ചതോടെ മണ്‍സൂണ്‍ മഴമേഘങ്ങളെക്കൂടി ഇതിലേക്ക് വലിച്ചെടുക്കുന്നതുകൊണ്ടാണ് കാലവര്‍ഷത്തിന്റെ തുടക്കം ദുര്‍ബലമായത്.
ലക്ഷദ്വീപിനു സമീപമുള്ള ന്യൂനമര്‍ദത്തിന്റെ പ്രഭാവം വടക്കന്‍ കേരളത്തിലാണ് ഇന്നലെ കൂടുതലായി കണ്ടത്. നിലവില്‍ അറബിക്കടലില്‍ രുപമെടുത്ത ന്യൂനമര്‍ദം ”നിസര്‍ഗ” എന്നു പേരിട്ട ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ മൂന്നുദിവസംകൊണ്ട് കരതൊടുമെന്നാണു നിഗമനം. കേരള തീരത്തുനിന്ന് അകന്നുപോകുന്നതുകൊണ്ട് ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല.
ഇക്കുറി മണ്‍സൂണിന്റെ ആരംഭം ശക്തമായിരിക്കുമെന്നാണു പ്രവചിച്ചിരുന്നതെങ്കിലും വടക്കന്‍ കേരളത്തില്‍ മാത്രമാണു ഭേദപ്പെട്ട മഴ റിപ്പോര്‍ട്ട് പെയ്തത്. വടകരയിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്, 153 മില്ലീ മീറ്റര്‍. കേരളമൊട്ടാകെ വരും ദിനങ്ങളില്‍ മഴപെയ്യുമെങ്കിലും ശക്തി കുറഞ്ഞിരിക്കും. മൂന്നു മുതല്‍ എട്ടുവരെ ഈ സ്ഥിതി തുടരും. എന്നാല്‍, എട്ടിനു ശേഷം മഴ ശക്തമാകുമെന്നാണു കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുന്നതാണ് ഇതിനു കാരണമായി കുസാറ്റിന്റെ കണ്ടെത്തല്‍.