കേരളം
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ; തെക്കൻ-മദ്ധ്യ കേരളത്തിൽ മഴ കനക്കും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ആണ് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റും, ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദവുമാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നലെ തലസ്ഥാനത്തടക്കം മഴ ശക്തമായിരുന്നു. പലയിടങ്ങളിലും കനത്ത നാശനഷ്ടവും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന്, തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. പിന്നീട് ഇത് ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ, മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.