കേരളം
ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞു, മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. അറബിക്കടലില്‍ മണ്‍സൂണ്‍ കാറ്റ് ശക്തമാണെങ്കിലും, കൊങ്കണ്‍ തീരത്താണ് ഇതിന്‍റെ സ്വാധീനം ഇപ്പോഴുള്ളതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
എന്നാൽ മധ്യ വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. നാളെ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കേരള തീരത്ത് കാറ്റിന്‍റെ വേഗം 50 കി.മി.വരെയാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടം. വിഴിഞ്ഞത്ത് മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് മേൽവീണു. തിരുവനന്തപുരം ജില്ലയിലെ തീരദേശമേഖലയിലാണ് ശക്തമായ മഴയിലും കാറ്റിലും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പള്ളിച്ചൽ-വിഴിഞ്ഞം റോഡിൽ മരങ്ങൾ കടപുഴകി വീണു.
വൈദ്യുതി പോസ്റ്റുകളും നിലപ്പൊത്തി. നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരംമുറിച്ചുനീക്കി. വർക്കല പാളയംകുന്ന് ജനതാജംക്ഷനിൽ 50 വർഷം ആൽമരം കടപുഴകി വാഹനങ്ങൾക്ക് മേൽ വീണു. വൈദ്യുതി പോസ്റ്റുകളും തകർന്നു. കഴക്കൂട്ടത്ത് ദേശീയപാതയിലേക്ക് വീണ മരം ഫയർഫോഴ്സ് ഉടൻ മുറിച്ചുമാറ്റി.