കേരളം
മഴ മുന്നറിയിപ്പില്‍ മാറ്റം; തെക്കന്‍ കേരളത്തിലെ അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ജാഗ്രത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തെക്കന്‍ കേരളത്തിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഞായറാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക്കിഴക്ക് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക്- വടക്ക്പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യത. വടക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ബംഗ്ലാദേശ് – മ്യാന്മാര് തീരത്തിനു സമീപം അതിശക്തമായ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് ഇന്ന് രാവിലെ 05.30 മുതല്‍ 11-06-2023 രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 46 cm നും 63 cm നും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.