കേരളം
റഹീമിന് ഇരട്ടിമധുരം; വീട് നല്‍കുമെന്ന് എം എ യൂസഫലി
മലയാളികളുടെ കാരുണ്യ പ്രവാഹത്തിന്റേയും ഒരുമയുടേയും കരുത്തില്‍ സൗദി ജയിലില്‍ നിന്ന് നാട്ടിലേക്ക് തിരികെയെത്തുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് വീടുനിര്‍മിച്ച് നല്‍കുമെന്ന് വ്യവസായി എം എ യൂസഫലി. ട്വന്റിഫോര്‍ ന്യൂസ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രഖ്യാപനം.
ക്രൗഡ് ഫണ്ടിംഗിലൂടെയും സുമനസുകളുടെ സഹായത്താലും മോചനദ്രവ്യമായ 34 കോടി സമാഹരിക്കാനായതോടെയാണ് വധശിക്ഷയില്‍ നിന്നും റഹീം രക്ഷപ്പെടുന്നത്. റഹീമിന് വീടില്ലെന്ന കാര്യം അഭിമുഖത്തിൽ ആര്‍ ശ്രീകണ്ഠന്‍ നായര്‍ യൂസഫലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഉടനടി അദ്ദേഹം വീടുനല്‍കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിഞ്ഞുവരുന്ന നിമിഷപ്രിയയുടെ മോചനവും സജീവ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ ഈ വിഷയത്തിലും യൂസഫലി പ്രതികരണമറിയിച്ചു. നിമിഷപ്രിയയെ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനായി കേന്ദ്രവും താനും പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താനാകില്ല. ക്രെഡിറ്റ് ആര്‍ക്കെന്നതല്ല. സുരക്ഷിതമായി നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ പിവിആര്‍ തര്‍ക്കത്തെക്കുറിച്ചും അഭിമുഖത്തില്‍ ചോദ്യങ്ങളുണ്ടായി. പിവിആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം തുടരാന്‍ ഇടപെട്ടെന്ന് യൂസഫലി പറഞ്ഞു. സിനിമയേയും പ്രേക്ഷകരേയും ഓര്‍ത്താണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും എം എ യൂസഫലി കൂട്ടിച്ചേര്‍ത്തു. യൂസഫലി ഇടപെട്ടതിനെ തുടര്‍ന്ന് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് മള്‍ട്ടിപ്ലക്‌സ് ശ്രംഖലയായ പിവിആര്‍ പിന്മാറിയിരുന്നു.