കേരളം
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണാൻ ‘സാന്ത്വന സ്പർശം’ അദാലത്തുകൾ
ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘സാന്ത്വന സ്പർശം’ എന്ന പേരിൽ അദാലത്തുകൾ നടത്തുന്നു. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്.
പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.
ഫെബ്രുവരി 1, 2, 4 തീയതികളിൽ കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളിൽ അദാലത്ത് നടക്കും. ഫെബ്രുവരി 8, 9, 11 തീയതികളിൽ കാസർകോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ്. ഈ ജില്ലകളിൽ ഫെബ്രുവരി 2-ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15,16, 18 തീയതികളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ. ഈ ജില്ലകളിൽ ഫെബ്രുവരി 3 ഉച്ചയ്ക്ക് മുതൽ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.
ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്.
ആദിവാസികൾക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കും. സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ കളക്ടർമാർ ഏകീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും.