കേരളം
പഴയ ചോദ്യപ്പേപ്പര്‍ വിവാദം: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ.വിന്‍സന്റ് രാജിവയ്ക്കും
കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ.വിന്‍സന്റ് രാജിവയ്ക്കും. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. സര്‍വകലാശാല ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ എന്ന് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയായിരുന്നു രാജി. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചു പരീക്ഷ നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് രാജി. ഇതേ തുടര്‍ന്ന് മൂന്നു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. രാജിക്കത്ത് ഇന്ന് വൈസ് ചാന്‍സലര്‍ക്ക് കൈമാറും.
സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്നു പേപ്പര്‍, ബോട്ടണി കോംപ്ലിമെന്ററി പേപ്പര്‍, മലയാളം ബിരുദ പരീക്ഷയിലെ കോര്‍ പേപ്പര്‍ എന്നിവയില്‍ പഴയ ചോദ്യങ്ങളുടെ ആവര്‍ത്തനവും അപാകതകളുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചോദ്യം തയാറാക്കിയ അധ്യാപകര്‍ പഴയ ചോദ്യപ്പേപ്പര്‍ അതേപടി തയാറാക്കി നല്‍കുകയായിരുന്നുവെന്ന് കഴിഞ്ഞദിവസം വിന്‍സന്റ് വിശദീകരിച്ചിരുന്നു.
അതേസമയം, ചോദ്യപ്പേപ്പര്‍ വിവാദം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. സര്‍വകലാശാല ഫിനാന്‍സ് ഓഫിസര്‍ പി. ശിവപ്പു, സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.