കേരളം
പുതുപ്പള്ളിക്കെന്ത് അരിക്കൊമ്പന്‍, നോട്ടയ്ക്കും പിന്നിലായി അരിക്കൊമ്പന്‍ സ്ഥാനാര്‍ത്ഥി
പുതുപ്പള്ളിയിലെ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണി തീരുമ്പോള്‍ നോട്ടയ്ക്കും പിന്നിലായി അരിക്കൊമ്പന് നീതി തേടിയെത്തിയ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴക്കാരൻ ദേവദാസാണ് അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി വോട്ട് തേടിയത്. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കും എന്ന് മാത്രമായിരുന്നു ദേവദാസിന്‍റെ വാഗ്ദാനം.
എന്നാല്‍ നോട്ടക്ക് നല്‍കിയ പരിഗണന പോലും ദേവദാസിന് ലഭിച്ചില്ലെന്നാണ് ആദ്യ റൗണ്ട് സൂചിപ്പിക്കുന്നത്. 20 വോട്ടുകളാണ് നോട്ടക്ക് ആദ്യ റൗണ്ടില്‍ ലഭിച്ചത്. എന്നാല്‍ പി കെ ദേവദാസിന് ലഭിച്ചത് രണ്ട് വോട്ടുകള്‍ മാത്രമാണ്. രണ്ടാം റൗണ്ടില്‍ നില അല്‍പം മെച്ചപ്പെടുത്താന്‍ ദേവദാസിന് സാധിച്ചു. 8 വോട്ട് ദേവദാസിനും നോട്ടയ്ക്ക് 26 വോട്ടും.
കേരളം നാടുകടത്തിയ അരിക്കൊമ്പനും പുതുപ്പള്ളിയിൽ ഒരു തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. അരിക്കൊമ്പനെ തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളുടെ മത്സരം. മൂവാറ്റുപുഴക്കാരൻ ദേവദാസ്. പുതുപ്പള്ളിയിലെ സ്വതന്ത്ര സ്ഥാനാർഥികളിൽ ഒരാളാണ്. ഒറ്റ വാഗ്ദാനമേ ദേവദാസ് പുതുപള്ളിക്കാർക്ക് മുന്നിൽ വയ്ക്കുന്നുള്ളൂ. അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കും എന്ന് മാത്രം.
അരിക്കൊമ്പൻ ഫാൻ അനിതയായിരുന്നു ദേവദാസിന്റെ ചീഫ് ഇലക്ഷൻ ഏജന്റ്. അരിക്കൊമ്പനോടുള്ള സ്നേഹം കൊണ്ടാണ് പ്രവർത്തിക്കുന്നത്. അവന് നീതി കിട്ടണം. അവനെ ഓർക്കുമ്പോ നമുക്ക് കരയാതിരിക്കാൻ പറ്റില്ലെന്നുമായിരുന്നു പ്രചാരണ സമയത്ത് അനിത പ്രതികരിച്ചത്. ലോറിയിൽ നിൽക്കുന്ന ആനയുടെയും റേഡിയോ കോളർ ഇട്ട ആനയുടെയും ഒക്കെ പടമാണ് ചിഹ്നമായി ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് അരിക്കൊമ്പന് ഏറെ പ്രിയപ്പെട്ടവനായ ചക്കക്കൊമ്പന്റെ പേരിനോട് സാമ്യമുള്ള ചിഹ്നമായ ചക്കയായിരുന്നു.